ശ്രീനിവാസനെതിരേ ആഞ്ഞടിച്ച് സലീംകുമാര്‍, കേട്ടറിവുവച്ച് ഇങ്ങനെയൊന്നും പറയരുത്, ശ്രീനിയേട്ടനെ ആരോ തെറ്റിദ്ധരിപ്പിച്ചു

sssssalimkumarഅവയവദാനം തട്ടിപ്പാണെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരേ നടന്‍ സലീംകുമാര്‍ രംഗത്ത്. അവയവദാനം ഒരിക്കലും തട്ടിപ്പല്ല. അവയവങ്ങള്‍ ദാനം ചെയ്ത ഒരുപാട് ആളുകളുണ്ട്. ഞാനും ഇതില്‍ ഒരു ഭാഗഭാക്കാണ്. ഞാനും ഒരു മനുഷ്യന്റെ അവയവംവച്ചു ജീവിക്കുന്ന ഒരാള്‍ തന്നെയാണ്. ഇത് കോസ്‌മെറ്റിക് സര്‍ജറിപോലെയൊന്നും ചെയ്യുന്ന ഒന്നല്ല. മറ്റ് ഒരു അവസ്ഥയുമില്ലാതെ ആകുമ്പോള്‍, അവയവം മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ വേറേ മാര്‍ഗം കാണാത്തപ്പോള്‍ മാത്രമാണ് ട്രാന്‍സ്പ്ലാന്റേഷനെക്കുറിച്ച് ചിന്തിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇതൊക്കെ എത്രയോ വര്‍ഷം മുന്‍പു വന്നതാണ്. ഇന്ത്യയില്‍ വളരെ കുറച്ചുകാലം മുന്‍പാണ് വന്നതെന്നു മാത്രം. തുടക്കത്തില്‍ ഉണ്ടായിരുന്ന നിയമത്തിന്റെ നൂലാമാലകളൊന്നും ഇപ്പോഴില്ല. ഇതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിനു പോലും ബോധ്യം വന്നിരിക്കുന്നു.

സമൂഹം വിലകല്‍പ്പിക്കുന്ന ശ്രീനിവാസനെപ്പോലെ ഉത്തരവാദപ്പെട്ട ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു. ആയുര്‍വേദവും ഹോമിയോയും ഉള്‍പ്പെടെ നിരവധി ചികില്‍സാ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അലോപ്പതിയിലേക്ക് ഞാന്‍ മാറിയത്. അവയവദാനം കൂടുതല്‍ സുതാര്യവും നിസ്സാരവുമായി മാറുകയും വൈദ്യശാസ്ത്രരംഗം വളരെയേറെ പുരോഗമിക്കുകയും ചെയ്ത കാലത്ത് അവയവദാനത്തെ പിന്തുണക്കുകയാണ് ചെയ്യേണ്ടത്-സലീംകുമാര്‍ പറയുന്നു.

Related posts