നന്മനിറഞ്ഞ പ്രേംനസീര്‍…! ചലച്ചിത്ര നടന്‍ എന്ന നിലയിലേക്കു ഒതുക്കുവാന്‍ കഴിയാത്ത വ്യക്തിത്വം; പ്രേംനസീറിനെക്കുറിച്ച് നടന്‍ മധുവിന്റെ വെളിപ്പെടുത്തല്‍

Madhuതിരുവനന്തപുരം: കുടുംബ ബന്ധം പോലെ  ആഴമേറിയ  ഒരാത്മബന്ധം  പഴയ ചലച്ചിത്ര അഭിനേതാക്കള്‍ തമ്മിലുണ്ടായിരുന്നുവെന്നു പ്രശസ്ത ചലച്ചിത്രതാരം മധു.അത്തരത്തിലെ ഒരു ബന്ധം  ഇന്നു സിനിമാലോകത്ത് അപൂര്‍വമാണെന്നും  മധു വ്യക്തമാക്കി. പഞ്ചായത്ത് അസോസിയേഷന്‍  ഹാളില്‍ ഇന്നലെ  പ്രേംനസീര്‍  ഫൗണേ്ടഷന്റെ ആദരം  കവിയും  ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിനു  സമ്മാനിച്ചു. പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൂവച്ചല്‍ ഖാദര്‍ ചലച്ചിത്ര ഗാന രചനയുടെ  45-ാം  വര്‍ഷത്തിലേക്കു കടക്കുന്ന വേളയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.മദ്രാസില്‍ സിനിമാ  ഷൂട്ടിംഗിനു ശേഷം  നാട്ടിലേക്കു മടങ്ങുന്ന  തന്റെ ഒപ്പം  പ്രേംനസീറിന്റെ  ചെറിയ  മക്കളെയും  അദ്ദേഹം കൂട്ടിഅയയ്ക്കുവായിരുന്നു.  സ്വന്തം  കുടുംബത്തിലെ സഹോദരനോടോ അമ്മാവനോടോ ഒക്കെ തോന്നുന്ന ഹൃദയാടുപ്പമാണ് പ്രേംനസീറിനോടും  സത്യന്‍ സാറിനോടും  തോന്നിയിരിക്കുന്നത്. അവര്‍  ഈ ഭൂമിയില്‍ ഇല്ല എന്നു താന്‍ വിശ്വസിക്കുന്നില്ലെന്നും മധു പറഞ്ഞു.

തന്റെ മനസില്‍  അവര്‍ സ്ഥിരമായി ജീവിക്കുകയാണ്. സിനിമാ രംഗത്ത് പ്രേംനസീറിനും  സത്യനും ശേഷം  എത്തിയ തന്നെ  ഏറെ പ്രോത്സാഹിപ്പിച്ചതും  ഇവര്‍ തന്നെയാണെന്നും  മധു ഓര്‍മിച്ചു. ഒരു ചലച്ചിത്ര നടന്‍ എന്ന നിലയിലേക്കു ഒതുക്കുവാന്‍  കഴിയാത്ത വ്യക്തിത്വമായിരുന്നു പ്രേംനസീര്‍. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍  സഹായം ചോദിച്ചെത്തുന്നവരെ  മാറ്റി നിര്‍ത്തി പണം നല്‍കിയശേഷം ഇത് താനാണ്  നല്‍കിയതെന്നും  ആരും  അറിയേണ്ട എന്നു പ്രേം നസീര്‍ പറയുന്നത് താന്‍കേട്ടിട്ടുണെ്ടന്നും മധു പറഞ്ഞു.

പ്രേംനസറിനു വേണ്ടി ഏറ്റവും  കൂടുതല്‍  ഗാനങ്ങള്‍  രചിക്കുവാനുള്ള അവസരം തനിക്കു ലഭിച്ചുവെന്നും  മുഖ്യ പ്രഭാഷണത്തില്‍ കവിയും ഗാനരചയിതാവുമായ  ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കാക്കതമ്പുരാട്ടി എന്ന സിനിമയ്ക്കു പാട്ടെഴുതിയ അന്നത്തെ  യുവഗാനരചയിതാവായ തനിക്കു അന്നത്തെ സൂപ്പര്‍ താരമായ  പ്രേംനസീറിനോപ്പം ഒരേ മുറിയില്‍ താമസിക്കുവാന്‍  സാധിച്ചു.താന്‍ ഗാനരചനയില്‍   തിളങ്ങി നില്‍ക്കുന്ന കാലത്താണ് ‘കാറ്റു വിതച്ചവര്‍’  എന്ന സിനിമയ്ക്കു വേണ്ടി ഖാദര്‍ രചിച്ച ‘മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു’ എന്ന ഗാനം കേള്‍ക്കുന്നത്. ഒരു നല്ല ഗാനരചയിതാവായി ഖാദര്‍  ഉയരുമെന്നും ആ സമയത്ത് തന്നെ മനസിലാക്കുകയും  ഖാദറിനെ  അഭിനന്ദിക്കുകയും ചെയ്തിരുന്നു.

എല്ലാ നല്ല കവികള്‍ക്കും  നല്ല ഗാനരചയിതാവാകുവാന്‍  കഴിയില്ലെന്നും ഗാനരചനയുടെ  ടെകനിക്  മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുവച്ചല്‍ ഖാദര്‍  കലാജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മാനവികതയുടെ  മനോഹാരിതയാണെന്നും  അധ്യക്ഷ പ്രസംഗത്തില്‍ നോവലിസ്റ്റ്  ഡോ.ജോര്‍ജ് ഓണക്കൂര്‍ അഭിപ്രായപ്പെട്ടു.പ്രേംനസീറിനെപോലെ  ഭാരതീയ സംസ്കാരത്തിന്റെയും  മനുഷ്യ സ്‌നേഹത്തിന്റെയും  അടയാളം പൂവച്ചല്‍ ഖാദറും  സ്വന്തം ഹൃദയത്തില്‍ പേറുന്നുവെന്നും ഓണക്കൂര്‍ ചൂണ്ടിക്കാട്ടി.ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യനെ  കാണുവാന്‍ സാധിച്ച  കലാപ്രതിഭകളാണ് ഇരുവരും എന്നും  അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഡോ.എം.ആര്‍. തമ്പാന്‍, ബാലു കിരിയത്ത്, കാനേഷ് പുനലൂര്‍, സോമശേഖരന്‍, പദ്മജ രാധാകൃഷ്ണന്‍, ഗിരിജ സേതുനാഥ്, ഷംന എന്നിവര്‍ പങ്കെടുത്തു. പൂവച്ചല്‍ ഖാദര്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങിനു താജ് ബഷീര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സംഗീതസന്ധ്യ അരങ്ങേറി.

Related posts