നമുക്ക് ജാതിയില്ല ശതാബ്ദിയാഘോഷം 21-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

EKM-PINARAIതിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ 6600 കേന്ദ്രങ്ങളില്‍ കുടുംബ സംഗമം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം 21-ന് സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മന്ത്രിമാര്‍ക്കു പ്രചാരണ ചുമതല നല്‍കും. സംസ്ഥാനത്തെ 6600 ലൈബ്രറികളുടെ നേതൃത്വത്തില്‍ 200 പേരെ വീതം പങ്കെടുപ്പിച്ചാണ് കുടുംബ സംഗമം നടത്തുന്നത്്. മിത്തുകള്‍ ചരിത്ര ഭാഗമാകുകയും സംസ്കാരം മതത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയാണ്.

ഈ സാഹചര്യത്തില്‍ യഥാര്‍ഥ മതനിരപേക്ഷ മൂല്യങ്ങള്‍ എന്താണെന്നു ബോധ്യം വരുത്തും. സമൂഹ്യ നവോഥാന നായകരുടെ പേരില്‍ ഓരോ ജില്ലയിലും നിര്‍മിക്കുന്ന സാംസ്കാരിക സമുച്ചയങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം ലഭ്യമാക്കിയില്ലെങ്കില്‍ വിലകൊടുത്തു വാങ്ങും. സിനിമാ തിയേറ്റര്‍, നാടകശാല, സംഗീത പരിശീലന കേന്ദ്രം, ഗാലറി, പുസ്തകക്കട, ശില്പികള്‍ക്കുള്ള പരിശീലന കേന്ദ്രം, താമസ സൗകര്യം എന്നിവ സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒരുക്കും. ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡില്‍ നിന്ന് ഇതിലേക്കായി 100 കോടി രൂപ ചെലവഴിക്കും. 14 ജില്ലകളിലേയും സ്മാരക നിര്‍മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും.അര്‍ബന്‍മേഖലയില്‍ 100 സിനിമാ തിയറ്ററുകള്‍ സര്‍ക്കാര്‍ ആരംഭിക്കും. റിലീസിംഗ്ചിത്രങ്ങള്‍ ഇവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

തിയറ്റര്‍ നിര്‍മാണത്തിനായി പൊതുജന പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തും. ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ 60 ഏക്കര്‍ സ്ഥലത്ത് ഫിലിംസിറ്റി സ്ഥാപിക്കും. ഇവിടെ താമസിക്കാനുള്ള കെട്ടിടങ്ങളും നിര്‍മിക്കും.പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യത്തിനായി വീടിനോടു ചേര്‍ന്ന് 5000 അയ്യന്‍കാളി പഠനമുറികള്‍ നിര്‍മിക്കും. കട്ടില്‍, കസേര, കംപ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളും നല്‍കും. ഒരു പഠന മുറിക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു.

Related posts