നരഭോജി കടുവയുടെ ചിത്രം കാമറയില്‍ പതിഞ്ഞു; ജനങ്ങള്‍ക്കു ജാഗ്രതാ മുന്നറിയിപ്പ്

tigerഗൂഡല്ലൂര്‍: അന്യസംസ്ഥാന തൊഴിലാളിയെ കൊന്നുതിന്നുവെന്നു കരുതുന്ന കടുവയുടെ ചിത്രം വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ പതിഞ്ഞു. വയനാട്-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ പാട്ടവയലില്‍ മുപ്പതു സ്ഥലങ്ങളിലായി സ്ഥാപിച്ച കാമറകളില്‍ ഏഴെണ്ണത്തില്‍ വ്യത്യസ്ത സമയങ്ങളിലായി കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഏഴു വയസ് തോന്നിക്കുന്ന കടുവയുടെ ഇടതുകാലില്‍ ആഴത്തിലുള്ള മുറിവു കാണുന്നുണ്ട്. കടുവ പരിസരപ്രദേശത്തുതന്നെയുണ്ടെന്ന് ഉറപ്പായതോടെ പോലീസും വനംവകുപ്പും അതീവജാഗ്രതയിലാണ്.

നരഭോജി കടുവ പരിസരപ്രദേശത്ത് ചുറ്റിക്കറങ്ങുന്നുണ്ടെന്ന് ഉറപ്പായതോടെ ആരും വീടിനു വെളിയിലിറങ്ങുന്നില്ല. കന്നുകാലികളെ മേയ്ക്കുന്നവരും വനത്തില്‍ വിറക് ശേഖരിക്കാന്‍ പോകുന്നവരും പ്രഭാതസവാരിക്കാരുമെല്ലാം ഭയന്നാണു കഴിയുന്നത്. സുരക്ഷ കണക്കിലെടുത്ത് വുഡ്ബ്രയര്‍ റോക്‌വുഡ്, എമറാള്‍ഡ്, ഹാരിസണ്‍സ് മലയാളം മേഫീല്‍ഡ് എസ്‌റ്റേറ്റുകളില്‍ തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഇന്നും ചൊവ്വാഴ്ചയും അവധി നല്‍കിയിരിക്കുകയാണ്.

നെല്ലാക്കോട്ട, മേഫീല്‍ഡ്, ദേവര്‍ഷോല, റോക്‌വുഡ്, മൂന്നാം ഡിവിഷന്‍, എട്ടാം മൈല്‍ തുടങ്ങിയ പരിസരപ്രദേശങ്ങളിലെല്ലാം പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കി. ഗ്രാമവാസികള്‍ അസമയത്തു വീടിനു പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കി. വനം, റവന്യു, പോലീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ഡിഎഫ്ഒ എന്നിവരും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡ് സ്വദേശി മബുബോറ(48)യുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Related posts