ന്യൂഡല്‍ഹി : ഉത്തേജക മരുന്നുപയോഗത്തില്‍ പിടിക്കപ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവിനെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിലുള്ള തീരുമാനം നീളുന്നു. ഉത്തേജക ഉപയോഗത്തില്‍ നര്‍സിംഗിന്റെ വാദം കേള്‍ക്കല്‍ ഇന്നലെ തീര്‍ന്നു. നാഡ അച്ചടക്കസമിതിക്കു മുമ്പാകെ അഭിഭാഷകരുടെ കണെ്ടത്തലുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
നര്‍സിംഗിന് തന്റെ ഗൂഢാലോചനാ വാദം പൂര്‍ണമായി തെളിയിക്കാനായിട്ടില്ലെന്നാണ് നാഡയുടെ അഭിഭാഷകന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിലപാടിനെത്തുടര്‍ന്നാണ് നര്‍സിംഗിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത്. അതുകൊണ്ടുതന്നെ നര്‍സിംഗിന്റെ റിയോ യാത്ര എന്നാകുമെന്നറിയാന്‍ കാത്തിരിക്കണം. തിങ്കളാഴ്ചയ്ക്കു മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അതിനിടെ, താന്‍ നിരപരാധിയെന്ന് നാഡയ്ക്കു മുമ്പില്‍ ബോധ്യപ്പെടുത്താനായിട്ടുണെ്ടന്ന് നര്‍സിംഗ് വിശ്വാസം പ്രകടിപ്പിച്ചു. അതു കൊണ്ടുതന്നെ കൂടുതല്‍ ആത്മവിശ്വാസത്തോടുകൂടി പരിശീലനം തുടരും. ഒളിമ്പിക്‌സിനു പോകാനാകുമെന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും നര്‍സിംഗ് പറഞ്ഞു.
“തൂക്കം കൂട്ടുന്ന മരുന്നാണ് എന്നെ പരിശോധിച്ചതില്‍ കണെ്ടത്തിയത്. എന്നാല്‍, തൂക്കം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. അപ്പോള്‍ പിന്നെ എന്തിനാണ് ഈ ഉത്തേജകം ഉപയോഗിക്കേണ്ടത് ”നര്‍സിംഗ് ചോദിക്കുന്നു. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് നര്‍സിംഗ് യോഗ്യത നേടിയത്. സായിയില്‍ പരിശീലനത്തിലുള്ള ഒരു യുവതാരം തനിക്കുള്ള ഫുഡ് സപ്ലിമെന്റ്‌സില്‍ ഉത്തേജകം ചേര്‍ത്തു നല്‍കിയതായി നര്‍സിംഗ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരേ സോനിപത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. നര്‍സിംഗിനെ അനുകൂലിച്ച് റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു. നര്‍സിംഗിനെതിരേ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണെ്ടന്നാണ് റസലിംഗ് ഫെഡറേഷന്റെ നിഗമനം.
അതിനിടെ, നര്‍സിംഗിനു പകരം പ്രവീണ്‍ റാണയെ ഉള്‍പ്പെടുത്തിയത് തെറ്റായി വ്യാഖ്യാനിക്കേണെ്ടന്നും ഉത്തേജകപരിശോധനയില്‍ വിജയിച്ചതിനു ശേഷമാണ് റാണയെ ഒളിമ്പിക് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി. നര്‍സിംഗ് യാദവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു റാണയ്ക്ക് നറുക്കുവീണത്. റാണയെ ഉള്‍പ്പെടുത്തുന്നതില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ സമ്മതമറിയിച്ചെന്നും അന്താരാഷ്്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിംഗ് റാണയുടെ പേര് അംഗീകരിച്ചെന്നും ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.
നര്‍സിംഗിനെ ഇനി ഒളിമ്പിക്‌സിനയയ്ക്കണമെങ്കില്‍ നാഡയുടെ പാനലിന്റെ അനുകൂലമായ വിധിയും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ സമ്മതവും വേണമെന്നും, പ്രശ്‌നങ്ങളെല്ലാം തീരുകയാണെങ്കില്‍ നര്‍സിംഗിനെ ഒളിമ്പിക്‌സിനയയ്ക്കുന്നതില്‍ തടസമില്ലെന്നും മേത്ത കൂട്ടിച്ചേര്‍ത്തു. 124 അത്‌ലറ്റുകള്‍ ഉള്‍പ്പെടെ 211 പേരെ റിയോയിലേക്കയയ്ക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായെന്നും മേത്ത പറഞ്ഞു. 124 അത്‌ലറ്റുകളില്‍ റിസര്‍വ് ഹോക്കിതാരങ്ങളായ നാലുപേര്‍ക്ക് ഒളിമ്പിക് വില്ലേജില്‍ താമസിക്കാനാവില്ല. നാഡയുടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഷോട്ട്പുട്ട്താരം ഇന്ദര്‍ജീത് സിംഗും റിയോയിലേക്കു പോകുന്ന കാര്യം സംശയമാണ്. ഇന്ത്യന്‍ കായിക മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ആവശ്യമല്ലെന്നും തങ്ങള്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിക്കുന്നില്ലെന്നും മേത്ത വ്യക്തമാക്കി.
അതിനിടെ, ഉത്തേജക മരുന്നുപയോഗിച്ചു എന്നു തെളിഞ്ഞാല്‍ അവരെ ഒളിമ്പിക്‌സിനയയ്ക്കാനാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ലോക്്‌സഭയില്‍ പറഞ്ഞു. എന്നാല്‍, നര്‍സിംഗ് യാദവിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ തടസമില്ലെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.