നഴ്‌സാകണമെന്ന് മോഹം..! കോട്ടയം മെഡിക്കല്‍ കോളജിലെ വ്യാജ നഴ്‌സിനു വിദ്യാഭ്യാസം ആറാം ക്ലാസ്; ജോലി കൂലിപ്പണി

ktm-arrest-handകോട്ടയം: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നഴ്‌സ് ചമഞ്ഞ് ചില്ലറ തട്ടിപ്പു നടത്തിയതിന് പിടിയിലായ രാമപുരം  സ്വദേശി അനില്‍കുമാറിന് വിദ്യാഭ്യാസം ആറാം ക്ലാസ്. തൊഴില്‍ കൂലിപ്പണി. പക്ഷേ നഴ്‌സ് ആയി നടക്കണമെന്ന മോഹമാണ് തട്ടിപ്പ് നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

രണ്ടാഴ്ചയിലധികം ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ കറങ്ങി നടന്ന അനില്‍കുമാര്‍ ശനിയാഴ്ചയാണ് പിടിയിലായത്. ഇതിനകം വന്‍ പരിവും നടത്തിയിരുന്നു. നഴ്‌സിന്റെ കുപ്പായമിട്ട് രോഗികളെ ഡോക്ടറെ കാണിക്കാന്‍ സഹായിക്കുകയായിരുന്നു പ്രധാന തൊഴില്‍. ഇതിന് ചെറിയ പ്രതിഫലം വാങ്ങുമായിരുന്നു. ആശുപത്രിയിലെ മെയില്‍ നഴ്‌സ് ആണെന്നു കരുതി ഡോക്ടര്‍മാരും ഒന്നും മിണ്ടിയിരുന്നില്ല. വലിയ ക്യൂവിനിടയില്‍ നഴ്‌സ് ഒരു രോഗിയുമായി എത്തിയാല്‍ ഡോക്ടര്‍മാര്‍ ഒന്നും പറയില്ല. രോഗിയെ പരിശോധിച്ച് മരുന്നു കുറിക്കും.

ആശുപത്രി കോമ്പൗണ്ടിലെ മില്‍മ ബൂത്തില്‍ കോട്ട് സൂക്ഷിക്കാന്‍ കൊടുത്തതാണ് അനില്‍കുമാറിന് വിനയായത്. എല്ലാ ദിവസവും വൈകുന്നേരം കോട്ട് മില്‍മ ബൂത്തില്‍ വയ്ക്കും. പിറ്റേന്ന് രാവിലെ എടുക്കും. ഇത് പതിവായപ്പോള്‍ പലര്‍ക്കും സംശയമായി. തുടര്‍ന്ന് ചിലര്‍ അനില്‍കുമാറിനെ നിരീക്ഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

പണ്ടെങ്ങോ ഒരു ദിവസം അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തുടങ്ങിയതാണ് നഴ്‌സ് ഭ്രമം. പിന്നീട് ഒരു കോട്ട് വാങ്ങി സ്വയം നഴ്‌സായി ആശുപത്രിയില്‍ വിലസുകയായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമായി ആയിരത്തിലധികം പേരാണ് ആശുപത്രിയില്‍ കറങ്ങുന്നത്. അതിനാല്‍ വ്യാജനേത് എന്ന് തിരിച്ചിറിയാനാവില്ല. പിടിയിലായ അനില്‍കുമാറിനെതിരേ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.

Related posts