അഗളി: മേലേമുള്ളി ഊരിനു സമീപം പുഴക്കരയില്‍ നിന്നും നാടന്‍ നിറതോക്കും തലയോട്ടിയോടുകൂടിയ മാന്‍കൊമ്പും അറുനൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. അഗളി ജനമൈത്രി എക്‌സൈസ് പാര്‍ട്ടി ഇന്നലെ ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. വാഷുംവാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും 210 മീറ്റര്‍ മാറി നാടന്‍ തോക്കും കുറച്ചകലെയായി മാന്‍ കൊമ്പും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.
മാന്‍ തലയോട്ടിക്ക് രണ്ടുമാസത്തെ പഴക്കം വരുമെന്നും നാടന്‍ തോക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി. എക്‌സൈസ് ഓഫീസര്‍ നൂറുദീന്‍, പ്രിവന്റീവ് ഓഫീസര്‍ എം. യൂനസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് റാഫി ,ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.