നാടിളക്കിയ പ്രചാരണം ഇന്നു തീരും; അഴീക്കോട്, ധര്‍മടം ഉള്‍പ്പെടെ ഏഴു മണ്ഡലങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍; ഓപ്പണ്‍ വോട്ട് ചെയ്യുന്നവരുടെ ഫോട്ടോ എടുക്കും

Elecകണ്ണൂര്‍: കൊടുംചൂടില്‍ നാടാകെ ഇളക്കിമറിച്ചു രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു സമാപനമാകും. വൈകുന്നേരം ആറോടെ പ്രചാരണ കോലാഹലങ്ങള്‍ നിലയ്ക്കും. പോരായ്മകളെല്ലാം തീര്‍ത്തു കൊട്ടിക്കലാശത്തില്‍ മുന്നിലെത്താനുള്ള തീവ്രശ്രമത്തിലാണു മുന്നണികള്‍.

മുമ്പെങ്ങും കാണാത്തവിധത്തിലുള്ള വലിയതോതിലുള്ള പ്രചാരണമാണ് ഇത്തവണ കണ്ടത്. ഇടത്-വലത് മുന്നണികള്‍ക്കൊപ്പം എന്‍ഡിഎയും പ്രചാരണം വേണ്ടുവോളം കൊഴുപ്പിച്ചു. പോസ്റ്ററും ബാനറും ബോര്‍ഡുകളും മണ്ഡലത്തിന്റെ മുക്കിലും മൂലയിലുംവരെ നിറഞ്ഞു. ഒരു സ്ഥാനാര്‍ഥിയുടെതന്നെ വ്യത്യസ്തമാര്‍ന്ന ഒരു ഡസനോളം പോസ്റ്ററുകള്‍ പല മണ്ഡലങ്ങളിലും കണ്ടു. ഫഌക്‌സ് ബോര്‍ഡുകളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ മുന്നണികള്‍ തമ്മില്‍ മത്സരംതന്നെ നടന്നു.

സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുള്ള ബോര്‍ഡുകള്‍ക്കു പുറമെ മുന്നണികളുടെ നയങ്ങളും നിലപാടുകളും വിശദീകരിക്കുന്ന പൊതുവായ ബോര്‍ഡുകളും ഇത്തവണ ധാരാളമായി സ്ഥാപിച്ചിരുന്നു. പാരഡി ഗാനങ്ങളുമായി വാഹനങ്ങള്‍ തുടക്കംമുതല്‍ മണ്ഡലങ്ങളിലൂടെ ഒാടിനടന്നു. സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തില്‍ മുന്നണി സ്ഥാനാര്‍ഥികളെല്ലാം മുന്നില്‍തന്നെയുണ്ടായിരുന്നു.

സ്ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട നിയമസഭാ തെരഞ്ഞെടുപ്പ്് കൂടിയായി ഇത്തവണത്തേത്. റോഡ്‌ഷോകള്‍ ഇടറോഡുകളില്‍വരെ നടന്നു. റിപ്പോര്‍ട്ടര്‍ ടിവി എംഡിയായ നികേഷ്കുമാറും കെ.എം. ഷാജിയും മത്‌സരിക്കുന്ന അഴീക്കോട് സ്ഥാനാര്‍ഥികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ദിവസവും ഏറ്റുമുട്ടി.

ഉപ്പുവെള്ളമുള്ള കിണര്‍ പരിശോധിക്കാന്‍ നികേഷ്കുമാര്‍ കിണറ്റിലിറങ്ങിയ സംഭവം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. വലിയതലക്കെട്ടുകള്‍ നേടിയില്ലെങ്കിലും സംഘര്‍ഷങ്ങള്‍ക്കു കുറവൊന്നുമില്ലായിരുന്നു. പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കുന്നത് ഇക്കുറി യഥേഷ്ടം അരങ്ങേറി. പ്രചാരണസാമഗ്രികളില്‍ നല്ലൊരുഭാഗവും നശിപ്പിക്കപ്പെട്ടു. ഒരു സ്ഥാനാര്‍ഥിയും ഇതില്‍ നിന്നൊഴിവാക്കപ്പെട്ടില്ല.

പ്രചാരണത്തിനിടെ തലശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടിയെ മുറുക്കി തുപ്പിയ സംഭവം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരനെയും എന്‍ഡിഎ സ്ഥാനാര്‍ഥി മോഹനന്‍ മാനന്തേരിയേയും പ്രചാരണത്തിനിടെ തടഞ്ഞ സംഭവവുമുണ്ടായി. എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു കരുതുന്ന ധര്‍മടത്തെ ഇടത് സ്ഥാനാര്‍ഥി പിണറായി വിജയന്റെ 300 മീറ്റര്‍ നീളമുള്ള പ്രചാരണബോര്‍ഡ് നശിപ്പിച്ചു തീയിട്ട സംഭവം സംഘര്‍ഷഭീതി പരത്തി.

സ്ഥാനാര്‍ഥികള്‍ക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളും പരക്കേയുണ്ടായി. മത്സരരംഗത്തുള്ളവര്‍ക്കെതിരേയുളള കേസുകള്‍ തലനാരിഴ പിരിച്ചു ചര്‍ച്ചയായി. എം.വി. രാഘവന്റെ മകന്‍ നികേഷ്കുമാറാണ് ഏറെ വിചാരണ ചെയ്യപ്പെട്ടത്. അദ്ദേഹം സിപിഎം സ്ഥാനാര്‍ഥിയായതിനെതിരേ സഹോദരന്‍ ഗിരീഷ്കുമാര്‍തന്നെ രംഗത്തിറങ്ങി.

നികേഷിന്റെ പേരിലുള്ള 57 കേസുകളെപ്പറ്റി ചര്‍ച്ചകള്‍ ഒരുപാട് നടന്നു. ഈ കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്കു നല്‍കിയ കത്തും പ്രചാരണായുധമായി. ഒടുവില്‍ നികേഷിനെ അപകീര്‍ത്തിപ്പെടുത്തുന്നവിധത്തിലുള്ളതെന്നു പറഞ്ഞു ലഘുലേഖകളുടെ വന്‍ ശേഖരം വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായ വനിതാ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്നു പിടികൂടി.

പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കവും പുറത്തുവന്നു. സണ്ണിക്കെതിരേ കുറിപ്പ് എഴുതിവച്ച് ആത്മഹത്യാശ്രമം നടത്താന്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി പ്രേരിപ്പിച്ചെന്നായിരുന്നു പരാതി. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി കെ.സി. ജോസഫിനെതിരേ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ പ്രചാരണത്തിന്റെ അവസാനഘട്ടം വരെ നീണ്ടു. പ്രവാസി വ്യവസായിയായ തളിപ്പറമ്പിലെ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാര്‍ക്കും വിമര്‍ശനശരങ്ങള്‍ ഒരുപാട് ഏല്‍ക്കേണ്ടിവന്നു. വികസനവും അഴിമതിയും അക്രമരാഷ്ട്രീയവും വര്‍ഗീതയുമായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണായുധങ്ങള്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ബിജെപിയുടെ വര്‍ഗീയതയും ചൂണ്ടിക്കാട്ടിയും യുഡിഎഫ് പ്രചാരണം നടത്തി. കണ്ണൂര്‍ വിമാനത്താവളമായിരുന്നു വികസനപദ്ധതികളില്‍ ഒന്നാമതായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയായിരുന്നു എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും പ്രധാന പ്രചാരണായുധം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപി നയങ്ങള്‍ക്കെതിരേ സിപിഎം ആഞ്ഞടിച്ചപ്പോള്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും വികസനവിരുദ്ധതയും എന്‍ഡിഎ ചൂണ്ടിക്കാട്ടി.  ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടും എന്‍ഡിഎ പ്രചാരണത്തിന് ഉപയോഗിച്ചു.

ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും കുടിവെള്ള ക്ഷാമവും പോലുള്ള പ്രാദേശികമായ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. മലയോര മേഖലയില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും പ്രചാരണവിഷയമായി. പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി അരഡസനിലധികം തവണ നോട്ടീസും ലഘുലേഖകളും വോട്ടര്‍സ്ലിപ്പുമായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി.

പിണറായി വിജയനായിരുന്നു ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. പിണറായിയുടെ പ്രചാരണം ദേശീയമാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. മോഹനന്‍, മാധ്യമ പ്രവര്‍ത്തകന്‍ നികേഷ്കുമാര്‍ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളും ജില്ലയ്ക്കു പുറത്തേക്കു ശ്രദ്ധിക്കപ്പെട്ടു.

പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ ഉന്നത നേതാക്കള്‍ ജില്ലയില്‍ പ്രചാരണത്തിന് എത്തിക്കൊണ്ടിരുന്നു. ദേശീയ-സംസ്ഥാന നേതാക്കള്‍ വിവിധ മണ്ഡലങ്ങളിലെ കോര്‍ണര്‍ യോഗങ്ങളില്‍ പോലും പങ്കെടുത്തു. യുഡിഎഫിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടുതവണ ജില്ലയില്‍ പര്യടനം നടത്തി. എ.കെ. ആന്റണി, ഗുലാംനബി ആസാദ്, നിതീഷ്കുമാര്‍, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല, മുഹമ്മദലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ഐ. ഷാനവാസ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരും യുഡിഎഫിനു വോട്ട് തേടിയെത്തി.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, വി.എസ്. അച്യുതാനന്ദന്‍, സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, സുഭാഷിണി അലി, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഡാനിഷ് അലി തുടങ്ങിയവര്‍ എല്‍ഡിഎഫിനു വേണ്ടി ജില്ലയിലെത്തി. അമിത്ഷാ, സദാനന്ദ ഗൗഡ, അനന്തകുമാര്‍, സുരേഷ്‌ഗോപി തുടങ്ങിയവരാണ് എന്‍ഡിഎയ്ക്കായി പ്രചാരണത്തിനെത്തിയത്. ഇന്നസെന്റ്, ലെനിന്‍ രാജേന്ദ്രന്‍, ആഷിഖ് അബു തുടങ്ങി സിനിമാ മേഖലകളിലുള്ളവരും പ്രചാരണത്തിനെത്തി.

അഴീക്കോട്, ധര്‍മടം ഉള്‍പ്പെടെ ഏഴു മണ്ഡലങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍

കണ്ണൂര്‍: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരം ജില്ലയിലാകെ വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ഏഴ് മണ്ഡലങ്ങളിലെ പോളിംഗ് പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍, എസ്പി ഹരിശങ്കര്‍ എന്നിവര്‍ അറിയിച്ചു. 23 കമ്പനി കേന്ദ്ര സായുധസേനയെ ജില്ലയല്‍ വിന്യസിക്കും. 615 ബൂത്തുകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യമുണ്ടാവും.

പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ്, തലശേരി എന്നീ മണ്ഡലങ്ങളിലാണു പ്രത്യേകനിരീക്ഷണമുണ്ടാകുക. ഈ മണ്ഡലങ്ങളിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലാകെയുള്ള 1,629 പോളിംഗ് ബൂത്തുകളില്‍ 1,401 ബൂത്തുകളും പൂര്‍ണമായി സുരക്ഷാ വലയത്തിലായിരിക്കും. 1,054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കും.

192 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ കവറേജുമുണ്ടാകും. വെബ്കാസ്റ്റിംഗിനു മേല്‍നോട്ടത്തിനായി കളക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 80 പേരാണു കണ്‍ട്രോള്‍ റൂമിലുണ്ടാവുക. 15-20 ബൂത്തുകള്‍ ഒരാള്‍ എന്ന രീതിയില്‍ മുഴുവന്‍ സമയവും വെബ്കാസ്റ്റിംഗ് നിരീക്ഷിക്കും. റവന്യൂ, പോലീസ്, ബിഎസ്എന്‍എല്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസേനാ കമാണ്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യവും കണ്‍ട്രോള്‍ റൂമിലുണ്ടാകും.

ജില്ലയില്‍ 615 ക്രിറ്റിക്കല്‍ ബൂത്തുകളും 280 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ടെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ബൂത്തിനകത്ത് പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളാണ് ക്രിറ്റിക്കല്‍ വിഭാഗത്തില്‍. ബൂത്തിനു പുറത്തു പരിസരപ്രദേശങ്ങളിലും സംഘര്‍ഷ സാധ്യതകളുള്ളവയാണ് സെന്‍സിറ്റീവ് ബൂത്തുകള്‍. എല്ലാ സെന്‍സിറ്റീവ് ബൂത്തുകളിലും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ 265 പേരെയാണ് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിച്ചിട്ടുള്ളത്. 193 നിരീക്ഷകരെയും പോളിംഗ് ദിവസം ബൂത്തുകളില്‍ വിന്യസിക്കും. കോഴിക്കോട്, കാസര്‍ഗോഡ്്, വയനാട് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണു നിരീക്ഷകരായി നിയമിച്ചത്.

വെബ്കാസ്റ്റിംഗും വീഡിയോ കവറേജും നടത്തുന്ന ദുശ്യങ്ങള്‍ പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യും. വോട്ടെടുപ്പിന്റെ അടുത്ത ദിവസം തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇവ പരിശോധിക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഏതെങ്കിലും ബൂത്തില്‍ ക്രമക്കേട് നടന്നതായി പരാതിയുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ 17ന് പരിശോധിക്കാനും സൗകര്യമുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.

ഓപ്പണ്‍ വോട്ട് ചെയ്യുന്നവരുടെ ഫോട്ടോ എടുക്കും

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്ധരും അവശരുമായവര്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെയും ചെയ്യുന്നയാളിന്റെയും ഫോട്ടോ പ്രത്യേകമായി എടുക്കും. അന്ധവോട്ടര്‍മാരായി ജില്ലയില്‍ 6034 പേരുണ്ടെന്നാണ് കണക്ക്. തളിപ്പറമ്പ് താലൂക്ക്-1,894, കണ്ണൂര്‍-1,893, തലശേരി-1,005, ഇരിട്ടി-1242 എന്നിങ്ങനെയാണിത്. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഇതിനകം അനുവദിച്ച സാക്ഷ്യപത്രം എടുത്ത് വോട്ടറെയും കൂട്ടി വോട്ട് ചെയ്യുകയാണ് വേണ്ടത്. ബ്രെയിലി ലിപിക്കകത്ത് തയാറാക്കിയ വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് അന്ധരായവര്‍ക്ക് സ്വന്തമായും വോട്ട് ചെയ്യാനും അവസരം ഒരുക്കും. അവശതയനുഭവിക്കുന്ന വോട്ടര്‍മാരെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടാല്‍ ഓപ്പണ്‍വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഓപ്പണ്‍വോട്ട് ചെയ്യുന്നവരുടെയും വോട്ടറുടെയും ഫോട്ടോ നിരീക്ഷകര്‍ പിറ്റേന്ന് പരിശോധിക്കുകയും ചെയ്യും.

പ്രശ്‌നങ്ങളുണ്ടായാല്‍ റീ പോളിംഗ്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബൂത്തില്‍ കള്ളവോട്ട്, അക്രമം, വോട്ടര്‍മാരെ തടയല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ പോളിംഗ്് നിര്‍ത്തിവച്ച് റീപോളിംഗ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. 14 നിരീക്ഷകര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമാണ് കണക്കാക്കുക. സമാധാനപരമായും സുതാര്യമായും വോട്ടെടുപ്പ് നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും കുറ്റമറ്റ നിലയില്‍ ജില്ലയില്‍ ചെയ്തിട്ടുണ്ട്.  ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

Related posts