ആലപ്പുഴ: ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന നാട്ടാനകളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും നാട്ടാന പരിപാലന നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ആര്. ഗിരിജ. കളക്ടറേറ്റില്‍ ചേര്‍ന്ന നാട്ടാന പരിപാലന ജില്ലാതല സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നിലവിലുള്ള വന്യജീവി സംരക്ഷണനിയമം, മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍നിയമം എന്നിവയുടെ പരിധിക്കുള്ളില്‍നിന്ന് കര്‍ശന നടപടിയെടുക്കാന്‍ കഴിയണമെന്ന് യോഗം ചുണ്ടിക്കാട്ടി. ആനയെ ഉടമസ്ഥന് പലപ്പോഴും ഉത്സവ സീസണില്‍ പാട്ടത്തിനു നല്കുന്ന പ്രവണതയാണ് കാണുന്നത്. പാട്ടത്തിനു എടുക്കുന്നവര്‍ ലാഭത്തിനായി ആനയെ പരമാവധി ഉപയോഗിക്കുകയാണ്.
ഇത് നിയമവിരുദ്ധമാണ്. ശരിയായ ഉടമസ്ഥാവകാശസര്ട്ടിഫിക്കറ്റും രേഖകളും എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് ഉണെ്ടന്നു ഉറപ്പാക്കാനുള്ള ബാധ്യത ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കുണ്ട്. ഉത്സവത്തിനു ആനയെ എഴുന്നള്ളിക്കുന്ന വിവരം തൊട്ടടുത്ത റേഞ്ച് ഓഫീസിലും പൊലീസ്സ്റ്റേഷനിലും 72 മണിക്കൂര്‍മുമ്പ് നിര്‍ബന്ധമായും അറിയിച്ചിരിക്കണം. ഇത് പാലിക്കപ്പെടുന്നില്ലെന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ആനയെ കഠിനമായ ചൂടിലും നട്ടുച്ചയ്ക്കും ആവശ്യമായ വെള്ളമോ വിശ്രമമോ സുരക്ഷിതത്വമോ ഉറപ്പാക്കാതെ വാഹനങ്ങളില്‍ കൊണ്ടുപോവുക, ടാര്‍ റോഡിലൂടെ നട്ടുച്ചയ്ക്ക് ആനയെ നടത്തിക്കൊണ്ടുപോവുക തുടങ്ങിയവ കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. പൊലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇതു സംബന്ധിച്ചു യോഗതീരുമാനം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഉത്സവങ്ങളുടെ ലിസ്റ്റ് തഹസില്ദാര്മാരില്നിന്ന് സ്വീകരിച്ചു വരുന്നതായി യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.ആര്. ജയകൃഷ്ണന്, പാപ്പാന്മാരുടെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.