തിരുവനന്തപുരം : പ്രദേശവാസികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ സമ്മാനിച്ച് അമ്പലത്തറ കുളം. നഗരസഭാ പരിധിയില്‍ കിണവൂര്‍ വാര്‍ഡിലാണ് മാലിന്യങ്ങള്‍ നിറഞ്ഞ കുളം പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നത്. വര്‍ഷങ്ങളായി ശുദ്ധജലത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന കുളമാണ് ഇപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നത്. നഗരസഭയുടെ പ്രത്യേക പദ്ധതിയില്‍ പുനരുദ്ധരിച്ച കുളം പക്ഷെ പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് രാത്രികാലങ്ങളില്‍ കോഴി വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളാനുള്ള ഉടമായി കുളം മാറിയത്. നാട്ടുകാര്‍ ഒപ്പിട്ട് നിരവധി പരാതികള്‍ ആരോഗ്യവകുപ്പിനും നഗരസഭയ്ക്കും നല്‍കിയെങ്കിലും ഗുണമുണ്ടായിട്ടില്ല.
മഴക്കാലത്ത് പ്രദേശത്ത് വ്യാപകമായി പകര്‍ച്ചപ്പനി ഉണ്ടായപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്നാണ് കുറച്ചെങ്കിലും മാലിന്യം നീക്കം ചെയ്തത്. ഇപ്പോള്‍ കുളത്തിന്റെ സമീപത്ത് എത്തുമ്പോള്‍ തന്നെ ദുര്‍ഗന്ധം അനുഭവപ്പെടും. അവധിക്കാലത്ത് കുളത്തില്‍ ഇറങ്ങിയ നിരവധി കുട്ടികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ പിടിപെട്ടിരുന്നു. കുളത്തിലെ വെള്ളത്തിന്റെ നിറം ദിനംപ്രതി കറുത്ത് വരികയാണ്. കുളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം നഗരസഭാ അധികൃതരുടെയും ജനപ്രതിനിധികളുടെയും അനാസ്ഥയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. എത്രയും വേഗം കുളം വൃത്തിയാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.