നാദാപുരം: തൂണേരിക്കടുത്ത് ചാലപ്പുറം ആറാട്ട് കുളം റോഡില്‍ പാറഭാഗത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും സ്്കൂട്ടറും തീവച്ച് നശിപ്പിച്ചു. താഴെ പീടികയില്‍ ഭാസ്ക്കരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 18 എഫ് 2915 നമ്പര്‍ ഓട്ടോയും, കെഎല്‍ 18 എം 779 നമ്പര്‍ യമഹ സ്കൂട്ടറുമാണ് അഗ്നിക്കിരയാക്കിയത്. വെള്ളൂര്‍ സ്വദേശി കിഴക്കെ തറമ്മല്‍ താഴെകുനി സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ഭാസ്ക്കരന്‍ വാടകയ്‌ക്കെടുത്ത് നാദാപുരം ടൗണില്‍ സര്‍വീസ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം.
സ്‌ഫോടന ശബ്ദവും, ഓട്ടോയുടെ ഹോണ്‍ മുഴങ്ങുന്നതും കേട്ട് എഴുന്നേറ്റ സമീപവാസികളാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും രണ്ടു വാഹനങ്ങളും കത്തിച്ചാമ്പലായിരുന്നു. വാഹനങ്ങളില്‍നിന്ന് തീ വീട്ടിലേക്കും പടര്‍ന്ന് ഓഫീസ് മുറിക്കും തീപിടിച്ചു. ഓടുകള്‍ പൊട്ടിത്തെറിക്കുകയും കഴുക്കോല്‍ പട്ടിക എന്നിവ കത്തിനശിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. തീ പിടിച്ചതിനെ തുടര്‍ന്ന് വീടിന്റെ ചുമരുകള്‍ വിണ്ടുകീറിയ നിലയിലാണ്. സ്കൂട്ടറിലാണ് ആദ്യം തീപിടിത്തം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വാഹനങ്ങള്‍ കത്തുന്നതറിഞ്ഞ് വീട്ടുകാര്‍ എഴുന്നേല്‍ക്കുമ്പോഴേക്കും സ്കൂട്ടര്‍ പൂര്‍ണമായി കത്തിതീര്‍ന്നിരുന്നു. ഭാസ്ക്കരന്റെ അനുജന്‍ കരുണന്റെ ഭാര്യയും ഇരിങ്ങണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആവോലം ശാഖയിലെ ജീവനക്കാരി ഷൈമയുടേതാണ് സ്കൂട്ടര്‍. നാദാപുരം സിഐ ജോഷി ജോസ്, എസ്‌ഐ കെ.പി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തുകയും പണിമുടക്ക് നടത്തുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.