നാദാപുരത്ത് കടയില്‍ വന്‍ തീപിടിത്തം; കോടികളുടെ നാശനഷ്ടം; ഫോറന്‍സിക് സംഘം പരിശോധന നടത്തും; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം

FIREനാദാപുരം: നാദാപുരത്ത് കടയില്‍ വന്‍ അഗ്നിബാധ. ബസ് സ്റ്റാന്‍ഡിനകത്ത് പ്രവര്‍ത്തിക്കുന്ന ബുഹാരി വെസല്‍സ് കടയിലാണ് ഇന്ന് രാവിലെ അഞ്ചോടെ തീപിടിത്തമുണ്ടായത്. ഒരു കോടിയില്‍ പരം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം കോട്ടക്കല്‍ സ്വദേശി കടുക്കശേരി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുളളതാണ് കത്തി നശിച്ച ബുഹാരി വെസല്‍സ് കട. കടയുടെ പിന്‍ ഭാഗത്തെ എക്‌സോസ്റ്റ് ഫാനിനോട് ചേര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാര്‍ പറയുന്നു. നാദാപുരം ബസ് സ്റ്റാന്‍ഡ് തുടങ്ങിയ കാലം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച വ്യാപാരസ്ഥാപനമാണ് ഇത്.

രാവിലെ അഞ്ചോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കടയില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. ചേലക്കാട് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം കടയുടെ ഷട്ടര്‍ കുത്തിതുറന്ന് രണ്ട് മണിക്കൂറിലധികം കഠിന പ്രയത്‌നം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും കടയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികള്‍ കത്തി ചാമ്പലായിരുന്നു. സ്കൂള്‍ വിപണി ലക്ഷ്യമാക്കി രണ്ടാഴ്ച മുമ്പാണ് മുപ്പത് ലക്ഷത്തില്‍പരം രൂപയുടെ സാധന സാമഗ്രികള്‍ കടയിലെത്തിച്ചതെന്ന് ഉടമ മുഹമ്മദ് ഹാജി പറഞ്ഞു.

കൂടാതെ ഒരു വര്‍ഷം മുമ്പാണ് കട നവീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ എഞ്ചിനില്‍നിന്നുള്ള വെള്ളം ചീറ്റിയും സാധന സാമഗ്രികള്‍ നശിച്ചിട്ടുണ്ട്. തൊട്ടടുത്ത തുണിക്കടയിലും വെള്ളം കയറി. സിപിഎം നേതാവ് സി.എച്ച്. മോഹനന്റേയും മറ്റും നേതൃത്വത്തില്‍ വ്യാപാരികളും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഒന്നര വര്‍ഷം മുമ്പ് സമീപത്തെ ന്യൂ അല്‍ഷാന്‍ വെഡിംഗ് സെന്റര്‍ കത്തിനശിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും നാളിതുവരെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Related posts