ചങ്ങനാശേരി: ചെത്തിപ്പുഴ സ്വദേശിനി ഭവാനി കുമാരന് 90 വയസ് കഴിഞ്ഞു. ആധാര് കാര്ഡിനായി മട്ടാവുന്ന കേന്ദ്രങ്ങളിലെല്ലാം മുട്ടി. ഇതുവരെയും കരഗത മായിട്ടില്ല.
ഇനി ഒരേയൊരു ആഗ്രഹം മാത്രം. എങ്ങനെയെങ്കിലും ആധാര് എടുക്കണം. മരിക്കുന്നതിനുമുമ്പ് ഒരു തവണ യെങ്കിലും പെന്ഷന് വാങ്ങണം. സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമായ നിരവധിപ്പേര് ക്ഷേമപെന്ഷനുകള് വാങ്ങുമ്പോള് വയോധികയായ ഭവാനി ചോദിക്കുകയാണ് എനിക്കു മാത്രം എന്തേ ആധാര് കാര്ഡും പെന്ഷനും ലഭിക്കുന്നില്ല.
ചങ്ങനാശേരി ചെത്തിപ്പുഴ മുന്തിരിക്കവലയിലെ പുറമ്പോക്കിലുള്ള വെട്ടുകുഴി വീട്ടില് മകള് അംബികയോടൊപ്പമാണ് ഭവാനിയുടെ താമസം. നാലുവര്ഷംമുമ്പ് ഭര്ത്താവ് മരിച്ച അംബിക കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.ഭവാനിയുടെ ഭര്ത്താവ് കുമാരന് 14 വര്ഷംമുമ്പ് രോഗബാധിതനായി മരിച്ചു. വീടുകളില് ജോലി ചെയ്താണ് ഭവാനി കുടുംബം പോറ്റിയിരുന്നത്. കഴിഞ്ഞ കുറേക്കാലമായി ജോലിചെയ്യാനുള്ള ആരോഗ്യമില്ല.
ഭവാനിക്ക് അംബിക ഉള്പ്പെടെ അഞ്ചു മക്കളാണുള്ളത്. എല്ലാവരും കൂലിപ്പണിക്കാര്. സ്വന്തമായി വീടില്ലാത്തതിനാല് എല്ലാവരും വാടകത്താമസക്കാരാണ്. ഇളയ മകന് സുനിലിന്റെ റേഷന് കാര്ഡില് ഭവാനിയുടെ പേരുണ്ട്.ആധാര് കാര്ഡ് എടുക്കാന് പലശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും നടന്നിട്ടില്ല.
വിരലടയാളം പതിയാത്തതുമൂലമാണ് തനിക്ക് ആധാര് അനുവദിച്ചു കിട്ടാത്തതെന്നാണ് അധികാരികള് ഭവാനിയെ ധരിപ്പിച്ചിരിക്കുന്നത്. കൈയും കാലുമില്ലാത്തവര്ക്കുപോലും ആധാര് കാര്ഡ് ലഭിച്ചപ്പോഴും തനിക്ക് എന്തുകൊണ്ടാണ് ആധാര് കാര്ഡ് ലഭിക്കാത്തതെന്നാണ് ഈ വയോധികയുടെ ചോദ്യം.
- ബെന്നി ചിറയില്

