നാദാപുരത്ത് വീട്ടില്‍ വന്‍ കവര്‍ച്ച ; 25 പവനും 50,000 രൂപയും മോഷണം പോയി

kkd-moshananmനാദാപുരം: നാദാപുരത്ത് തലശേരി റോഡില്‍ മൊതാക്കര ജുമാ മസ്ജിദിന് സമീപം അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. കിഴക്കേയില്‍ സൂപ്പിയുടെ മകന്‍ മൂസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും 50000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ മൂസയുടെ ഉപ്പ സൂപ്പി ഇവിടെയത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.  മൂസ കൊയമ്പത്തൂരില്‍ ജോലി ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്.

മധ്യവേനല്‍ അവധി ആയതിനാല്‍ വീട് പൂട്ടിയിട്ട് ഇവര്‍ കൊയമ്പത്തൂരിലേക്ക് പോയതായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ സൂപ്പി വീട്ടിലെത്തിയപ്പോള്‍ വീട് കുത്തി തുറന്ന നിലയില്‍ കാണുകയായിരുന്നു. സമീപത്തെ വീട്ടിലെ പിക്കാസ് ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ അടുക്കള ഭാഗം കുത്തി തുറന്ന് അകത്ത് കയറിയത്. വീടിന്റെ എല്ലാ വാതിലുകളും കുത്തി തുറന്ന നിലയിലാണ്.

മുറിയിലെ അലമാരയില്‍ സൂക്ഷിച്ച 25 പവനും 50000 രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. അതേ സമയം മോഷ്ടാക്കളുടേതെന്ന് കരുതുന്ന രണ്ടുപേരുടെ ചിത്രം സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടു പേര്‍ ഈ വീടിന് മുന്നില്‍ കറങ്ങി തിരിയുന്ന ചിത്രങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. നാദാപുരം എസ്‌ഐ എം.ബി. രാജേഷ്, അഡീഷ്ണല്‍ എസ്‌ഐ കെ. പ്രഭാകരന്‍, പ്രൊബേഷന്‍ എസ്‌ഐ കെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട്‌സും ഇന്ന് പരിശോധന നടത്തും.

Related posts