കൊച്ചി: റിക്കാര്‍ഡുകളിലേക്കു കാറോടിക്കുന്ന കൊച്ചി സ്വദേശി സുരേഷ് ജോസഫ് പുതിയ സാഹസിക യാത്രയ്ക്കു തുടക്കമിടുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ഹൈവേ ആയ ട്രാന്‍സ് സൈബീരിയന്‍ ഹൈവേയിലൂടെ നടത്തുന്ന യാത്രയ്ക്ക് 13ന് ചെന്നൈയില്‍ തുടക്കമാകും. നാലു രാജ്യങ്ങളിലൂടെ ഇരുപത്തിരണ്ടായിരം കിലോമീറ്ററുകള്‍ താണ്ടി ജൂണ്‍ 18ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണു യാത്രയുടെ സമാപനം. ഇന്ത്യ, മ്യാന്‍മര്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെയാണു സുരേഷ് ജോസഫിന്റെ യാത്ര. ലോകത്തിലെ ഏറ്റവും വിഷമകരമായ യാത്രയെന്നു പറയപ്പെടുന്നതാണ് സൈബീരിയന്‍ ഹൈവേയിലൂടെയുള്ള യാത്ര.
11,000 കിലോമീറ്ററാണ് സൈബീരിയന്‍ ഹൈവേ. ഇതില്‍ 4,000 കിലോമീറ്ററോളം വന്യമൃഗങ്ങളുള്ള കൊടുംകാടാണ്. ഇതിലൂടെ ഒറ്റയ്ക്കുള്ള യാത്ര അതി സാഹസികമാണെന്നു സുരേഷ് ജോസഫ് പറയുന്നു. തന്റെ ഒമ്പതാമത്തെ യാത്രയാണിത്. ഇതില്‍ ഇന്ത്യക്കു പുറത്തുകൂടിയുള്ള നാലാമത്തേതും. സിംഗപ്പൂര്‍, ലണ്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മുമ്പ് യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സൈബീരിയന്‍ ഹൈവേയിലൂടെയുള്ള യാത്രയിലൂടെ രണ്ട് റിക്കാര്‍ഡുകളാണ് ലക്ഷ്യം വയ്ക്കുന്നത്. ട്രാന്‍സ് സൈബീരിയന്‍ ഹൈവേയിലൂടെ സാഹസികയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരന്‍, 15 ദിവസം കൊണ്ട് ഏറ്റവും വേഗത്തില്‍ 11,000 കിലോമീറ്ററുള്ള ട്രാന്‍സ് സൈബീരിയന്‍ ഹൈവേ താണ്ടുക എന്നീ റിക്കാര്‍ഡുകളാണ് ലക്ഷ്യം.
ഇതിന് മുമ്പ് എട്ട് യാത്രകളിലൂടെ 12 ലിംക റിക്കാര്‍ഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. മഹീന്ദ്ര എസ്‌യുവി 500 എന്ന വാഹനത്തിലാണു സുരേഷ് ജോസഫിന്റെ യാത്ര. താമസിക്കുന്നതിനുള്ള സാമഗ്രികളടക്കം വാഹനത്തില്‍ സജ്ജീകരിച്ചാണു യാത്ര. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെത്തിയ ശേഷം സഞ്ചരിച്ച വാഹനം കപ്പല്‍മാര്‍ഗം ഇന്ത്യയിലേക്കെത്തിക്കും.