ഹരിയാനയിലെ വോട്ടുതട്ടിപ്പിന് ഉപയോഗിച്ചത് തന്റെ ഫോട്ടോ തന്നെയാണെന്നു പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാറിസ. തന്റെ ചിത്രം ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോളിളക്കത്തിനു കാരണമാകുന്നുവെന്ന വാർത്തകൾ തന്നെ അന്പരപ്പിച്ചെന്നും ലാറിസ പ്രതികരിച്ചു. സമൂഹമാധ്യമ അക്കൗണ്ടിൽ വീഡിയോ സന്ദേശം പങ്കുവച്ചാണ് ലാറിസ പ്രതികരണവുമായി എത്തിയത്. ഒരു തമാശ പറയാനുണ്ടെന്നാണ് വീഡിയോയുടെ തുടക്കം.
“ഹലോ ഇന്ത്യ, ഇതു നിങ്ങള്ക്കാണ്. എന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ ഉപയോഗിച്ചെന്ന് ആരോപണം ഉയര്ന്നിട്ടുണ്ട്. ഇതു വിചിത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയവുമായി എനിക്ക് ഒരു ബന്ധവുമില്ല. ഒരു സുഹൃത്താണ് എന്റെ ഫോട്ടോ ഇന്ത്യയില് ദുരുപയോഗം ചെയ്തുവെന്ന വിവരം അറിയിച്ചത്.
എന്റെ ഫോട്ടോ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമില് നിന്നു ഞാനറിയാതെ എടുത്ത് ഉപയോഗിച്ചതാണ്. ഞാൻ ഒരിക്കലും ഇന്ത്യയില് പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില് രാഷ്ട്രീയ പാര്ട്ടികള് പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. ഇതു കണ്ട് എല്ലാവരും ചിരിക്കുകയാണ്. താന് ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു…” ബ്രസീലിയന് മോഡല് പറഞ്ഞു.
ലാറിസയുടെ ചിത്രം ഉപയോഗിച്ച് പത്തു ബൂത്തുകളിലായി 22 വോട്ടുകൾ ചേർത്തതായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെ ഡിജിറ്റൽ തെളിവുകൾ സഹിതം ചൂണ്ടിക്കാണിച്ചിരുന്നു. ഇതു അന്തർദേശീയ തലത്തിൽ വലിയ വാർത്തയായി മാറിയതോടെയാണ് തന്റെ ചിത്രം ഉപയോഗിച്ചതിനെക്കുറിച്ചു പ്രതികരണവുമായി ബ്രസീലിയൻ മോഡൽ ലാറിസ രംഗത്തുവന്നത്.
വോട്ടു തട്ടിപ്പിന് തന്റെ ചിത്രം ഉപയോഗിച്ചത് ഉചിതമായില്ലെന്ന് അവർ പറഞ്ഞു. തന്റെ ചെറുപ്പത്തിലെ ഫോട്ടോയാണിത്. ഇവിടത്തെ രാഷ്ട്രീയ പോരാട്ടങ്ങൾക്കുവേണ്ടി തന്നെ ഇന്ത്യക്കാരിയാക്കി മാറ്റരുതെന്നും അവർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ വോട്ടുചോരി പത്രസമ്മേളനത്തിൽ ലാറിസയുടെ ഫോട്ടോയുള്ള വോട്ടർ പട്ടിക രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതോടെ ലാറിസ ആരെന്നുള്ള തെരച്ചിലിലായിരുന്നു ഇന്ത്യൻ മാധ്യമങ്ങളും ജനങ്ങളും. ഈ മോഡൽ ആരെന്ന ചോദ്യവുമായിട്ടാണ് രാഹുൽ വിവരങ്ങൾ വെളിപ്പെടുത്തിയതു തന്നെ. ബ്രസീലിയൻ ഫോട്ടോഗ്രാഫറായ മാത്യൂസ് ഫെരേരോ പകർത്തിയ ചിത്രം സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോം ആയ അൺസ്പ്ലാഷിൽ 2017ലാണ് അപ്ലോഡ് ചെയ്തത്.
ഇതിനകം നാലു ലക്ഷത്തിലേറെ തവണ ഈ ചിത്രം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പത്രസമ്മേളനത്തിനു പിന്നാലെ ലാറിസയുടെ ചിത്രം വൈറലായതോടെ ബ്രസീലിലും ഇതു ചർച്ചാവിഷയമായി. ലാറിസയുടെ ചിത്രം അവിടെയും വാർത്തകളിൽ നിറഞ്ഞതോടെയാണ് അവർ പ്രതികരണവുമായി നേരിട്ട് എത്തിയത്.
അതേസമയം, ലാറിസയുടെ ചിത്രം ഉപയോഗിച്ചു ചേർത്ത് 22 വോട്ടുകളിൽ അഞ്ചു പേരെ ഹരിയാനയിൽ മാധ്യമങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സ്വീറ്റി, ദർശന, പിങ്കി, മുനിഷ്ദേവി, മഞ്ജിത് എന്നിവരെ കണ്ടെത്തിയെന്നാണ് പറയുന്നത്. തങ്ങളുടെ ഫോട്ടോ മാറിയതായി ഇവർ സമ്മതിച്ചു. ഫോട്ടോ മാറിയതായി പരാതിപ്പെട്ടിരുന്നെന്നും തങ്ങൾ വോട്ട് ചെയ്തെന്നും ഇവരിൽ ചിലർ മാധ്യമങ്ങളോടു പറഞ്ഞു.

