നിജേഷിന്റെ ചികിത്സാസഹായത്തിനായി സ്വകാര്യബസും ഓട്ടോ ടാക്‌സികളും

KNR-SAHAYAMമട്ടന്നൂര്‍: മാരകരോഗം പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്ന യുവാവിനെ സഹായിക്കുന്നതിന് സ്വകാര്യബസും ഓട്ടോ ടാക്‌സികളും. കണ്ണൂര്‍-ഇരിക്കൂര്‍-ചൂളിയാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷംന ബസും നായാട്ടുപാറയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളുമാണ് കാരുണ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മട്ടന്നൂര്‍ പട്ടാന്നൂരിലെ കോവൂര്‍ പുതിയപുരയില്‍ ഗോവിന്ദന്‍-നിര്‍മല ദമ്പതികളുടെ മകന്‍ നിജേഷിന്റെ മജ്ജ പൂര്‍ണമായും നശിച്ചുകൊണ്ടിരിക്കുന്ന രോഗം പിടിപ്പെട്ടതിനാല്‍ ചികിത്സയില്‍ കഴിയുകയാണ്.

്‌നിര്‍ധന കുടുംബത്തിലെ അംഗമായ നിജേഷ് വര്‍ഷങ്ങളായി കോയമ്പത്തൂരില്‍ സ്വര്‍ണപ്പണി ചെയ്തുവരികയായിരുന്നു. ഏഴുമാസം മുമ്പാണ് രോഗം പിടിപ്പെട്ടത്. നേരത്തെ കോയമ്പത്തൂരില്‍ ചികിത്സ നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ചികിത്സ നടത്തുന്നത്. മജ്ജ മാറ്റി വച്ചാല്‍ ഈ രോഗം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 30  ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

നിര്‍ധന കുടുംബത്തിന് ഇത്രയും ഭാരിച്ച തുക താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മകനു മാരകരോഗം പിടിപ്പെട്ടതിനാല്‍ കുടുംബം മാനസികമായും സാമ്പത്തികമായും കഷ്ടത അനുഭവിക്കുന്നതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കുന്നതിനാണ് നായാട്ടുപാറയിലെ പ്രകാശന്റെ ഉടമസ്ഥതയിലുളള ഷംന ബസും നായാട്ടുപാറ ടൗണില്‍ നിന്ന് ഓടുന്ന എ.വി. ധനേഷ്, പി.പി. റിയാസ്, സി.വി. ഉണ്ണി, പി.പി. മുകുന്ദന്‍, കെ. ചന്ദ്രന്‍ എന്നിവരുടെ ഓട്ടോ ടാക്‌സികളും ഇന്നു രാവിലെ മുതല്‍ സര്‍വീസ് നടത്തുന്നത്.

ഒരു ദിവസത്തെ മുഴുവന്‍ കളക്ഷനും നിജേഷിന്റെ ചികിത്സയ്ക്കായി നല്‍കും. ചൂളിയാട് നിന്നാരംഭിച്ച ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഫല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം കെ. മനോജ് അധ്യക്ഷത വഹിച്ചു.  പി. സന്തോഷ്, എ. പ്രേമരാജന്‍, ദീപേഷ്, നാരായണന്‍, ശശി, പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചികിത്സാസഹായത്തിന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഫല്‍, എന്‍. പദ്മനാഭന്‍, കെ.കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മോഹനന്‍ ചെയര്‍മാനായും കൂടാളി പഞ്ചായത്ത് അംഗം കെ. മനോജ് കണ്‍വീനറുമായാണ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.  ചെയര്‍മാന്‍/കണ്‍വീനര്‍ ടി. നിജേഷ് ചികിത്സാ സഹായകമ്മിറ്റി, കോവൂര്‍, പി.ഒ. പട്ടാന്നൂര്‍, കണ്ണൂര്‍-670595 എന്ന വിലാസത്തിലോ കനറാ ബാങ്ക് പട്ടാന്നൂര്‍ ശാഖയിലെ 40081010003581 (IFSC code  CNRB 0004008) അക്കൗണ്ട് നമ്പറിലോ ലഭിക്കണം.

Related posts