കാണാം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരനെ, കൂട്ടൂകാര്‍ ജെന്റില്‍ ജയന്റ് എന്നു വിളിക്കുന്ന ഇവന്‍ ഇപ്പോഴും വളരുകയാണ്

talll 2ഉയരക്കാരായ മനുഷ്യരെ ജിറാഫുമായിയാണ് താരതമ്യം ചെയ്യുന്നത്. എന്നാല്‍ മിഷിഗണ്‍ സ്വദേശിയായ ഈ ബ്രോക് ബ്രൗണ്‍ എന്ന കൗമാരക്കാരന്റെ പോക്ക് ജിറാഫിനെയും തോല്‍പ്പിക്കുന്ന മട്ടിലാണ്. 19കാരനായ ബ്രൗണിന് ഇപ്പോള്‍ ഉയരം 7 അടി 8 ഇഞ്ചാണ്. ഇവന്‍ ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 8 അടി 2 ഇഞ്ച് ഉയരമുള്ളയാളാണ് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഉയരമുള്ള മനുഷ്യന്‍. ബ്രൗണ്‍ ഇയാളെ നിഷ്പ്രയാസം പിന്തള്ളുമെന്നാണ് ഇവന്റെ കുടുംബാംഗങ്ങളും സുഹൃത്തുകളും പറയുന്നത്. ഇങ്ങനെ വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ത്തന്നെ ഇവനു വേണ്ട ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും പുതുതായി വാങ്ങേണ്ട അവസ്ഥയാണുള്ളത്.

നഴ്‌സറിയില്‍ പോകാന്‍തുടങ്ങിയ പ്രായത്തില്‍തന്നെ ബ്രൗണിന് അഞ്ച് അടി 2 ഇഞ്ച് ഉയരമുണ്ടായിരുന്നു. പ്രൈമറി ക്ലാസിലെത്തിയപ്പോള്‍ ഉയരം ആറടിയായി. ഹൈസ്കൂളിലെത്തിയപ്പോള്‍ ഉയരം കൂടി ഏഴടിയിലെത്തി. ഉയരം ആറ് ഇഞ്ചിലധികമാണ് ഓരോ വര്‍ഷവും വര്‍ധിക്കുന്നത്.  സോതോസ് സിന്‍ഡ്രോം(ഭീമാകരത്വം)എന്ന ശാരീരിക വൈകല്യമാണ് ബ്രൗണിന്റെ ഈ അസാധാരണ ഉയരംവയ്ക്കലിന് കാരണമാകുന്നതെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. കൂട്ടുകാര്‍ ഇവനെ വിളിക്കുന്നതു തന്നെ “ജെന്റില്‍ ജയന്റ്” എന്നാണ്. ഇത് ഒരു ജനിതക വൈകല്യമായതിനാല്‍ ഇതിന് ഫലപ്രദമായ ചികിത്സയില്ലെന്നും ഇവന്റെ ഉയരം വയ്ക്കല്‍ എങ്ങനെ നിര്‍ത്തുമെന്നറിയില്ലെന്നുമുള്ള ആശങ്കയാണ് അമ്മ ഡാര്‍സി പങ്കുവയ്ക്കുന്നത്.

ബ്രൗണ്‍ ഉപയോഗിക്കുന്ന ഷൂസിന്റെ സൈസ് 28 ആണ്. ഒരു ജോഡി സോക്‌സുവാങ്ങണമെങ്കില്‍ 1200 രൂപ മുടക്കണം. കിടക്കുന്ന കട്ടിലാണെങ്കില്‍ എട്ടടി നീളമുള്ളതാണ്. അതു പോലെതന്നെ ഇരിക്കുന്ന കസേരയും അസാധാരണ വലുപ്പമേറിയതാണ്. ഇതിനു രണ്ടിനും കൂടി ചെലവായത് 67000 രൂപ. ചുരുക്കത്തില്‍ പറഞ്ഞാല്‍ ചിലവു താങ്ങാന്‍ വയ്യാതെ നട്ടം തിരിയുകയാണ് ഈ കുടുംബം.  ഈ അപൂര്‍വ ശാരീരിക പ്രതിഭാസം ബ്രൗണിന്റെ ശരീരത്തില്‍ കടുത്ത വേദനയാണുണ്ടാക്കുന്നത്. ഉള്ളിലൂടെ സൂചി കടന്നു പോകുന്നതിനു സമാനമായ വേദനയാണ് തന്റെ ശരീരത്തിലെപ്പോഴുമെന്ന് ബ്രൗണ്‍ പറയുന്നു. എന്നിരുന്നാലും ഡോക്ടര്‍മാരിലുള്ള പ്രതീക്ഷകള്‍ ബ്രൗണ്‍ ഇതുവരെ കൈവിട്ടിട്ടില്ല.

ചില സമയത്ത് ബ്രൗണ്‍ അസഹ്യതയോടെ പെരുമാറുന്നുമുണ്ട്. ആ സമയത്ത് ഒരു ഭ്രാന്തനേപ്പോലെയാണ് അവന്റെ പെരുമാറ്റമെന്ന് ഡാര്‍സി പറയുന്നു. ബ്രൗണിന്റെ പ്രശ്‌നങ്ങളെല്ലാം മാറുമെന്നും ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കുമെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡോക്ടര്‍മാരുടെ  ഈ വാക്കുകളാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ബ്രൗണ്‍ പറയുന്നു. എന്തായാലും ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ബ്രൗണ്‍ ഉയരത്തിന്റെ ലോകറിക്കാര്‍ഡ് മറികടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Related posts