നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു; വന്‍ അപകടം ഒഴിവായി

ekm-lorryകിഴക്കമ്പലം: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് വന്‍ അപകടം ഒഴിവായി. പളളിക്കര പവര്‍ഗ്രിഡിന് സമീപം കൊടുംവളവിലാണ് അപകടം നടന്നത്. കിഴക്കമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ പുറകെ വന്ന ബസ് മറികടക്കുന്നതിനിടയിലാണ് ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്തുളള മരത്തിലിടിച്ചത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.

ഈ വളവില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. കൊടുംവളവുളള ഈ പ്രദേശത്ത് എതിരെ വരുന്ന വാഹനങ്ങളെ തൊട്ടടുത്ത് എത്തുമ്പോഴാണ് കാണാന്‍ കഴിയുകയുളളു. അപകടത്തെ തുടര്‍ന്ന് നിരവധി മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. കൂടാതെ കുടിവെളള പദ്ധതിയുടെ പൈപ്പിടുന്നതിന് റോഡിന്‍െറ ഒരുവശം കൊത്തിപൊളിച്ചിട്ടത് കൊണ്ട് വാഹനങ്ങള്‍ക്ക് കടന്ന് പോകാനും കഴിയുകയില്ല. റോഡിന്റെ വീതി കൂട്ടണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും  നാട്ടുകാര്‍ പറയുന്നു.

ടിപ്പറുകളും ബസുകളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നും ജില്ലാ സിരാകേന്ദ്രത്തിലേക്കും എറണാകുളത്തേക്കും പോകുന്നതിനുളള എളുപ്പമാര്‍ഗമാണിത്. ഇവിടെയുളള യാത്രാക്ലേശം പരിഹരിക്കുന്നതിന് കിഴക്കമ്പലത്ത് നിന്ന് പള്ളിക്കര വീഗാലാന്റ് ഭാഗത്തേക്ക് സമാന്തര റോഡ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെയാവശ്യം.

Related posts