നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനുള്ളില്‍ സ്‌ഫോടനം; കൊല്ലം മുന്‍സിഫ് കോടതി പരിസരത്താണ് സംഭവം; ആസൂത്രിത സ്‌ഫോടനമെന്ന് പോലീസ്

spodanamകൊല്ലം: കളക്‌ട്രേറ്റ് കെട്ടിടസമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിഫ് കോടതി പരിസരത്ത് സ്‌ഫോടനം. കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ജീപ്പിന്റെ മുന്‍ഭാഗത്തും പിന്നിലും സ്‌ഫോടക വസ്തുക്കള്‍ വച്ചിരുന്നു. ജീപ്പിന് സമീപം നിന്നിരുന്ന ബാബു എന്നയാള്‍ക്ക് ചെറിയ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രാഥമിക പരിശോധനയില്‍ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. സ്‌ഫോടക വസ്തു ആരോ മനപൂര്‍വം ജീപ്പില്‍ കൊണ്ടുവച്ചുവെന്നാണ് പോലീസ് നിഗമനം. ജീപ്പിന്റെ പരിസരത്ത് നിന്നും തുണിയില്‍ എഴുതിയ നിലയില്‍ എന്തോ കുറിപ്പും പോലീസിന് ലഭിച്ചു. ഇതാണ് സംഭവം ആസുത്രിതമാണെന്ന നിഗമനത്തില്‍ പോലീസ് എത്താന്‍ കാരണം.

സ്‌ഫോടന ശബ്ദം കേട്ടതിന് പിന്നാലെ പരിഭ്രാന്തരായി ആളുകള്‍ ഓടിക്കൂടി. വന്‍ ജനവാലിയാണ് കളക്‌ട്രേറ്റ് പരിസരത്ത് ഉള്ളത്. ഇവരെ ഒഴിപ്പിച്ച് ബോംബ് സ്ക്വാഡും പോലീസും പരിശോധന തുടങ്ങി. ആസൂത്രിതമെന്ന് വ്യക്തമായതോടെ പോലീസ് ജില്ല മുഴുവന്‍ തെരച്ചില്‍ വ്യാപിപ്പിച്ചു.

Related posts