വൈക്കം: താക്കോല്‍ ഊരിയെടുക്കാതെ വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്ന യുവാവിനെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിന്തുടര്‍ന്ന് പിടികൂടി. തലയാഴം സ്വദേശി അമലിനെ(21)യാണ് എസ്‌ഐ എം.സാഹില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി ഉല്ലലയ്ക്കു സമീപം തലയാഴം സ്വദേശി രമണന്‍ തന്റെ സ്വാമിനാഥന്‍ എന്നു പേരുള്ള ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് അടുത്തുള്ള കടയില്‍ പോയി വന്നപ്പോള്‍ ഓട്ടോറിക്ഷ കാണാതാകുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ഇതേസ്ഥലത്ത് താക്കോല്‍ ഊരാതെ നിര്‍ത്തിയിട്ട കാറും മോഷണംപോയിരുന്നു. പോലീസ് കാറിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയപ്പോള്‍ പിറ്റേന്ന് കുറച്ച് അകലെനിന്ന് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ഓട്ടോറിക്ഷയെക്കുറിച്ച് അന്വേഷിച്ച് വൈക്കം, തണ്ണീര്‍മുക്കം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓട്ടോസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തി. ഇതിനിടെ തലയാഴം കൊതവറയിലൂടെ സ്വാമിനാഥന്‍ എന്ന പേരുള്ള ഓട്ടോറിക്ഷ പോകുന്നതു കണ്ടതായി ഒരു സ്ത്രീ പോലീസിനു വിവരം നല്‍കി. പിന്നീട് പോലീസ് വിരിച്ച വലയില്‍ ഇയാള്‍ വന്നു കുടുങ്ങുകയായിരുന്നു. ഓട്ടോയുമായി കടന്ന യുവാവ് ഇതിനു മുമ്പ് കഞ്ചാവുകേസിലും പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.