നീണ്ടകര: നീണ്ടകരയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മൂവായിരത്തിയെണ്ണൂറ് ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. സിവില്‍സപ്ലൈസ് കമ്മീഷണറുടെ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. നീണ്ടകര പാലത്തിന് സമീപം കടയില്‍ ഏജന്‍സീസ് എന്ന സ്ഥാപനത്തിന്റെ പരിസരത്തായി 19 ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.കെ തോമസിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.
പിടികൂടിയ മണ്ണെണ്ണയില്‍ 1800 ലിറ്റര്‍ മത്സ്യഫെഡിന്റെ പമ്പുകളില്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും നല്കുന്നതിനായുള്ള വെള്ള മണ്ണയും 2000 ലിറ്റര്‍ റേഷന്‍ കടകള്‍ വഴി പൊതുവിതരണത്തിനായുള്ള മണ്ണെണ്ണയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘം പരിശോധനക്കായി എത്തിയ ഉടനെ കടയില്‍ ഏജന്‍സീസിലെ ജീവനക്കാര്‍ ഓടി രക്ഷപെട്ടു. സബ്സീഡി മണ്ണെണ്ണ കരിച്ചന്തയില്‍ വിറ്റഴിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്.
പിടികൂടിയ മണ്ണെണ്ണ സിവില്‍ സപ്ലൈയുടെ കരുനാഗപ്പള്ളിയിലെ മൊത്തവിതരണ ഡിപ്പോയിലേക്ക് മാറ്റി. അസി. സപ്ലൈ ഓഫീസര്‍ സി. കമലാധരന്‍, ഇന്‍സ്പെക്ടര്‍മാരായ ബി. ഓമനകുട്ടന്‍, മാഹിന്‍ അബുബക്കര്‍, വി.ജി ഹരികുമാര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.