നെയ്യാറ്റിന്‍കര: ആരോഗ്യകുടുംബക്ഷേമ വകുപ്പിന്‍ കീഴിലായിരുന്ന നെയ്യാറ്റിന്‍കര ജനറല്‍ ആശു പത്രിയുടെ ഭരണ നിയന്ത്രണം നെയ്യാറ്റിന്‍കര നഗരസഭയുടെ ചുമതലയില്‍പ്പെടുത്തി ഉത്തരവായതായി ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ.ആര്‍ ഹീബ അറിയിച്ചു. ഈ മാസം പതിനഞ്ചിനകം ആരോഗ്യവകുപ്പ് മന്ത്രി ആശുപത്രി സന്ദര്‍ശിക്കും. നൂറ്റാണ്ടു പഴക്കമുള്ള ആശുപത്രി വിവിധ ഘട്ടങ്ങള്‍ക്കു ശേഷമാണ് ജനറല്‍ ആശുപത്രി പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. ആദ്യം താലൂക്ക് ആശുപത്രിയായും പിന്നീട് ജില്ലാ ആശുപത്രിയായും ഈ ആതുരാലയം ഉയര്‍ത്തപ്പെട്ടു.
ജനറല്‍ ആശുപത്രിയായതോടെ ഭരണ നിയന്ത്രണം സ്വാഭാവികമായും സംസ്ഥാന സര്‍ക്കാരിനായി. പുതിയ ഉത്തരവിനു ശേഷം ചെയര്‍പേഴ്‌സണിന്റെ അധ്യക്ഷതയില്‍ ആദ്യ ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. കെ. ആന്‍സലന്‍ എംഎല്‍എ, എച്ച്എംസി അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തില്‍ ഗ്രൗണ്ട്, ഫസ്റ്റ് ഫ്‌ളോറുകളില്‍ അടിയന്തരമായി വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
15 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതിനാല്‍ ഹൈ ടെന്‍ഷന്‍ കണക്ഷന്‍ ആവശ്യമാണ്. ഇതിന് ഒന്നര കോടി രൂപ ചെലവ് വരും. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് സഹായം ഇക്കാര്യത്തില്‍ ലഭ്യമാക്കാമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ വ്യക്തമാക്കി. രണ്ട് നിലകളില്‍ വൈദ്യുതി ലഭിക്കുമ്പോള്‍ ഒ പി യും കുട്ടികളുടെയും ഗൈനക്കിന്റെയും വാര്‍ഡുകളും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകും. നിലവിലുള്ള ഒ പി ബ്ലോക്കില്‍ ട്രോമാ കെയര്‍ യൂണിറ്റ് കാഷ്വാലിറ്റി ആരംഭിക്കും. ഈ മാസം 15 നകം ആശുപത്രി സന്ദര്‍ശിക്കുന്ന ആരോഗ്യമന്ത്രി പ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തും. ലബോറട്ടറിയിലെ ഹോര്‍മോണ്‍ അനലൈസര്‍, മിനി വാട്ടര്‍ പ്രോജക്ട്, ഡിജിറ്റല്‍ എക്‌സ്- റേ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
എംഎല്‍എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 20 മുറികള്‍ ഉള്ള പേ വാര്‍ഡ് നിര്‍മിക്കും. അതില്‍ നിന്നുള്ള വരുമാനം എച്ച്എംസി ഫണ്ടിലുള്‍പ്പെടുത്തി ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. കാരുണ്യയുടെ പത്തു യൂണിറ്റുകള്‍ പുതുതായി അനുവദിച്ചു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ യുടെ ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ച് എല്ലാ വാര്‍ഡുകളുടെയും മെയിന്റനന്‍സും കോറിഡോര്‍ നിര്‍മാണവു നടത്തും. ഈ മാസം മുതല്‍ താത്കാലിക ജീവനക്കാരുടെ വേതനത്തില്‍ വര്‍ധന വരുത്താനും യോഗം തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.