നെല്‍പാടങ്ങള്‍ കതിരണിഞ്ഞു തുടങ്ങി; ഓണത്തിനുമുമ്പ് കൊയ്ത്താകും

pkd-nelluവടക്കഞ്ചേരി: നെല്‍പാടങ്ങള്‍ കതിരണിഞ്ഞു തുടങ്ങി. കരപാടങ്ങളില്‍ ഓണത്തിനുമുമ്പ് കൊയ്ത്താകും. മഴയെ മാത്രം ആശ്രയിച്ച് ഇരുപ്പൂകൃഷി നടത്തുന്ന പരുവാശേരി, മുളന്തനോട്, നെല്ലിയാമ്പാടം, വെളിച്ചപ്പാടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ കൊയ്ത്ത് നേരത്തെയാകും.വെളിച്ചപ്പാടുപറമ്പ് ഭാഗത്ത് ഒരാഴ്ച കഴിഞ്ഞാല്‍ ഒന്നാംവിള കൊയ്ത്തിനു പാകമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇക്കുറി ഒന്നാംവിള മോശമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മഴക്കുറവ് വിതനടത്തിയ പാടങ്ങളില്‍ കളകുടാന്‍ കാരണമായി.

എന്നാല്‍ കൂടുതല്‍ പ്രദേശത്തും നടീലാണ് നടത്തിയിട്ടുള്ളത്. മൂപ്പുകുറഞ്ഞ ജ്യോതിയിനം നെല്ലാണ് കൂടുതലും. ഇതിനു പുറമേ കാഞ്ചനയെന്ന ഇനവുമുണ്ട്.  മഴ വിട്ടുനില്ക്കുന്നത് രണ്ടാംവിള നെല്‍കൃഷി നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പരുവാശേരി പാടശേഖരസമിതി സെക്രട്ടറി മധുസൂദനന്‍ പറഞ്ഞു. കനാല്‍വെള്ളം എത്താത്ത പ്രദേശങ്ങളാണ് കരപാടങ്ങള്‍ കൂടുതലും. സപ്ലൈകോയുടെ നെല്ലുസംഭരണത്തിന്റെ ഗുണം കിട്ടാത്ത കര്‍ഷകരും ഇവര്‍ തന്നെയാണ്.

ഇവരുടെ ഒന്നാംവിള നെല്ലുകിട്ടിയ വിലയ്ക്ക് വിറ്റതിനുശേഷമാണ് സപ്ലൈകോ നെല്ലുസംഭരണവുമായി രംഗത്തുവരിക.കഴിഞ്ഞവര്‍ഷത്തെ നെല്ലിന്റെ തറവില കിലോയ്ക്ക് 21 രൂപയുണ്ടെങ്കിലും ഇവരുടെ നെല്ല് 14 രൂപയ്ക്കും പതിനഞ്ചു രൂപയ്ക്കുമാണ് സ്വകാര്യമില്ലുകാര്‍ എടുക്കുക. പച്ചനെല്ലും മഴയുമാകുമ്പോള്‍ നെല്ലു സൂക്ഷിച്ചുവയ്ക്കാനും കര്‍ഷകര്‍ക്കു കഴിയില്ല. ഇത് ചൂഷണം ചെയ്താകും മില്ലുകാര്‍ നെല്ലുവാങ്ങുക.

Related posts