
നെന്മാറ: നെന്മാറ, അയിലൂര്‍, കയ്പ്പഞ്ചേരി പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങിയെങ്കിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങാനാകാത്തത് കര്‍ഷകരെ വലയ്ക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്നും വന്നെത്തിയ കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടക്കുന്നുണ്ടെങ്കിലും നാമമാത്ര കര്‍ഷകര്‍ ആളുകളെകൊണ്ടും കൊയ്ത്തു നടത്തുന്നുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചായത്ത് തലത്തിലുള്ള കര്‍ഷകര്‍ ഒത്തുകൂടി കൊയത്തുയന്ത്രങ്ങളുടെ വാടകയില്‍ ഏകീകരണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത്തവണ ചെളിയില്‍ ഇറങ്ങുന്ന ചെയ്യിന് ഘടിപ്പിച്ച കൊയ്ത്തുയന്ത്രത്തിന് 2000 രൂപയും ടയറുള്ള കൊയത്തുയന്ത്രത്തിന് 1500 രൂപയുമാണ് വാങ്ങുന്നത്. ഇതിനു പിന്നില്‍ ഏജന്റുമാരുടെ കളികളാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പോത്തുണ്ടി കനാല്‍വെള്ളം ഒഴുകുന്നതിനാല്‍ പാടശേഖരങ്ങളില്‍ വെള്ളമുള്ളതിനാല്‍ ചെയിന്‍ ഘടിപ്പിച്ച കൊയത്തുയന്ത്രമാണ് ഉപയോഗിയ്ക്കുന്നത്. സര്‍ക്കാര്‍ നെല്ലുസംഭരണം വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നേവരെ സംഭരണത്തെ സംബന്ധിച്ച് വ്യക്തതയില്ല.
സംഭരണം കാര്യക്ഷമമല്ലാത്തതിനാല്‍ കൊയ്ത നെല്ല് സ്വകാര്യ മില്ലുകാര്‍ക്ക് നല്‍കുന്നതിനും കര്‍ഷകര്‍ തയാറെടുക്കുകയാണ്. ചെറുകിട കര്‍ഷകര്‍ക്ക് നെല്ല് സൂക്ഷിക്കുവാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ഈയവസരം സ്വകാര്യമില്ലുകാര്‍ മുതലെടുക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു.
ഒന്നാംവിളയിലുണ്ടായ നഷ്ടം രണ്ടാംവിളയില്‍ തിരിച്ചുപിടിക്കാമെന്നു കരുതിയ കര്‍ഷര്‍ വില കുറവില്‍ വലയുകയാണ്. കടംവാങ്ങിയും കളകള്‍ പറിച്ചു മാറ്റിയും വളപ്രയോഗം നടത്തിയും രാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ക്കും പകലന്തിയോളം മയിലുകള്‍ക്കും കാവലിരുന്ന കര്‍ഷകരുമാണ് ഇതോടെ വെട്ടിലായത്.
നാമമാത്ര കര്‍ഷകര്‍ കമ്പിവേലികള്‍ നിര്‍മിച്ച് കാട്ടുപന്നികളുടെ ശല്യംഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് പറയുന്നത്. നല്ലൊരു തുക ഇതിനായി ചെലവാക്കിയ കര്‍ഷകരുമുണ്ട്. നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി നെല്ലുസംഭരണം വേഗത്തിലും സുഗമവുമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്.