പാലോട് : രാത്രികാല റോന്തുചുറ്റലിനിടെ നാലംഗ മോഷ്ടാക്കളെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് മുക്കുടില്‍ വാലിക്കുന്ന് പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍ (അച്ചു – 25), വെഞ്ഞാറമൂട് വാദ്യാര്‌കോണം തടത്തരികത്തു വീട്ടില്‍ മണിക്കുട്ടന്‍ (39), പുല്ലമ്പാറ തടത്തരികത്തു വീട്ടില്‍ ഗിരീഷ് (29), പുല്ലമ്പാറ ചാലിപ്പാറക്കോണം തടത്തരികത്തുവീട്ടില്‍ രതീഷ് (തായ്‌വാന്‍ -30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെ നന്ദിയോട് പച്ച ക്ഷേത്രത്തിലേക്കു തിരിയുന്ന റോഡരികില്‍ സംശയകരമായ സാഹചര്യത്തിലാണ് ഇവരെ പിടികൂടിയത്.
കമ്പിപ്പാര അടക്കമുള്ള ഉപകരണങ്ങളും ഇവരില്‍ നിന്നും പിടികൂടി. ആനപാപ്പാനായി ജോലി നോക്കിവരികയും നിലവില്‍ ബലൂണ്‍ കച്ചവടം നടത്തിവരുന്ന കുഞ്ഞുമോന്‍ നാലു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. പാലോട് സ്‌റ്റേഷന്‍ പരിധിയിലെ കുട്ടത്തികരിക്കകം, കള്ളിപ്പാറ, നെടുമങ്ങാട് സ്റ്റേഷന്‍ പരിധിയിലെ കുന്നില്‍മേലാംകോട് എന്നിവയുള്‍പ്പെടെ പതിനാലോളം ക്ഷേത്രമോഷണങ്ങളിലും വലിയമല, വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധികള്‍ക്കുള്ളിലെ കടകള്‍, വീടുകള്‍ എന്നിവടങ്ങളിലെ മോഷണങ്ങളിലും പിടിയിലായവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.