പടക്കനിര്‍മാണ ശാലകളില്‍ റെയ്ഡ്; ചേര്‍ത്തലയില്‍ പരിശോധനയില്‍ വന്‍ പടക്ക ശേഖരം പിടിച്ചെടുത്തു, കോട്ടയിലും വള്ളംകുളത്തും റെയ്ഡ് മൂന്നുപേര്‍ പിടിയില്‍

raid1തുറവൂര്‍/മാന്നാര്‍/ ചേര്‍ത്തല: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ പടക്കനിര്‍മാണ മേഖലകളില്‍ പോലീസ് റെയ്ഡ് നടത്തി. വളമംഗലം, ചേര്‍ത്തല, മാന്നാര്‍, പെരിങ്ങലിപ്പുറം, ചെറുകോല്‍ പ്രദേശങ്ങളിലായിരുന്നു പ്രധാനമായും റെയ്ഡ് നടത്തിയത്. വളമംഗലം മേഖലയില്‍ നിന്നും പടക്ക നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും പടക്കങ്ങളും പിടികൂടി. മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തലയിലും പടക്കശേഖരം കണ്ടെത്തി. ഇവിടെ നിന്നും രണ്ടുപേരെ പിടികൂടിയിട്ടുമുണ്ട്. അതേസമയം മാന്നാര്‍ മേഖലയില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല.

വളമംഗലം മേഖലയില്‍ ഇന്നലെ ഉച്ചയ്ക്കു ഒന്നോടെയാണ് കുത്തിയതോട് സിഐ കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. വളമംഗലം സ്വദേശികളായ അനില്‍കുമാര്‍, രാധാകൃഷ്ണന്‍, മോഹനന്‍ പിള്ള എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരവൂര്‍ ദുരന്തവാര്‍ത്ത വന്നതിനു ശേഷം മേഖലയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങളും വെടിക്കോപ്പുകളും അസംസ്കൃത വസ്തുക്കളും പ്രദേശത്തു നിന്നു നീക്കം ചെയ്തതിനു ശേഷമാണ് റെയ്ഡ് ആരംഭിച്ചതെന്നു ആരോപണമുണ്ട്.  മേഖലയില്‍ രണ്ടുപേര്‍ക്കുമാത്രമേ പടക്കം പ്രദര്‍ശനത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളു.  ഇവിടെ അനുമതിയില്ലാത്തപ്പോഴാണ് നൂറുകണക്കിനു ടണ്‍ വെടിമരുന്നും മറ്റും ഇവിടെ പല സ്ഥലങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്നതെന്ന് അധികൃതര്‍ തന്നെ പറയുന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസ് അധികാരികളുടെയും മൗനാനുവാദത്തോടുകൂടിയാണ് പടക്ക നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഇവിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  ഒരുമാസം മുമ്പ് എറണാകുളം – വൈറ്റിലഭാഗത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പൊട്ടിത്തെറിച്ച് വളമംഗലം സ്വദേശി മരിച്ചിരുന്നു.  വെടിക്കെട്ടു ദുരന്തങ്ങളുണ്ടാകുമ്പോള്‍ പോലീസ് റെയ്ഡ് പ്രഹസനം നടത്തി ഒന്നോരണ്ടോ പേരെ പിടികൂടുകയും നിസാര കേസെടുത്തു ഇവരെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. പടക്ക നിര്‍മാണത്തിനു ശിവകാശിയിലെപ്പോലെ സുരക്ഷിത സംവിധാനങ്ങള്‍ ഒരുക്കുമെന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതു പാഴ്‌വാക്കായി മാറി. ജനനിബിഡമായ പ്രദേശങ്ങളില്‍ നടപ്പിലാക്കാനൊക്കാത്ത പദ്ധതി പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിച്ചതെന്നാണ് ഇതുസംബന്ധിച്ചുയര്‍ന്ന ആക്ഷേപം.

പരമ്പരാഗതമായി പടക്കനിര്‍മാണം നടത്തി വരുന്ന മാന്നാര്‍ പെരിങ്ങലിപ്പുറം, ചെറുകോല്‍ പ്രദേശങ്ങളില്‍ മാന്നാര്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും പടക്ക നിര്‍മാണവുമായി ബന്ധപ്പെട്ട യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പെരിങ്ങവലിപ്പുറം പാവുത്ര കുറ്റിയിലെ നാലു വീടുകളിലായിരുന്നു പ്രധാനമായും റെയ്ഡ് നടത്തിയത്. കുറെ നാളുകളായി പടക്ക നിര്‍മാണത്തിനു ലൈസന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് കാര്യമായ നിര്‍മാണങ്ങള്‍ നടത്താറില്ലായിരുന്നു. ചെറുകോല്‍ ഭാഗത്തും റെയ്ഡ് നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ദുരന്ത വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്നവര്‍ പോലും  മാറ്റിയിട്ടുണ്ടാകുമെന്നാണ് പറയുന്നത്. മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍, എസ്‌ഐ. എസ്.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്.

ചേര്‍ത്തലയില്‍ അനധികൃത പടക്ക നിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ പോലീസ് റെയ്ഡില്‍  വന്‍ പടക്കശേഖരം കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല നഗരസഭ 27-ാം വാര്‍ഡ് നെയ്പ്പള്ളവെളി ബിജു (40), 22-ാം വാര്‍ഡ് കുന്നത്തുവെളി ബി ജു(38)എന്നിവരാണ് പിടിയിലായത്.

നാലുചാക്ക് പടക്കം, കരിമരുന്ന്, വെടിയുപ്പ്, പനയോല, കയര്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഉടമസ്ഥരില്ലാതെ വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരവും പിടികൂടി. കഴിഞ്ഞദിവസം  നഗരസഭ 22-ാം വാര്‍ഡ് കരുവയില്‍ യക്ഷിയമ്പലത്തിനു സമീപത്തുനിന്നുള്ള പുരയിടത്തില്‍ നിന്നും അനധികൃത പടക്കശേഖരം ചേര്‍ത്തല പോലീസ് പിടികൂടിയിരുന്നു.

അനധികൃത പടക്കനിര്‍മാണ-വില്പന കേന്ദ്രങ്ങള്‍ സജീവം

ആലപ്പുഴ: വിഷുപ്പുലരിയെ വരവേല്ക്കാന്‍ ജില്ലയില്‍ അനധികൃത പടക്ക നിര്‍മാണ-വില്പന കേന്ദ്രങ്ങള്‍ സജീവം. വിഷു കച്ചവടത്തിനായി മറുനാട്ടില്‍ നിന്നു വന്‍ പടക്ക ശേഖരമാണു ജില്ലയിലെ അനധികൃത വില്പനശാലകളില്‍ ശേഖരിച്ചിട്ടുള്ളതെന്നാണ് സൂചന. അതേസമയം കൊല്ലം സംഭവത്തെ തുടര്‍ന്നു ജില്ലയില്‍ പരിശോധന ആരംഭിച്ചതായി എഡിഎം ആര്‍. ഗിരിജ പറഞ്ഞു.

ജില്ലയില്‍ ചേര്‍ത്തല, വളമംഗലം, കലവൂര്‍, ആലപ്പുഴ, കുട്ടനാട്, എടത്വ, മാന്നാര്‍, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട്, വീയപുരം, എരിക്കാവ്, മുട്ടം, ചേപ്പാട്, മുതുകുളം, കായംകുളം തുടങ്ങിയ മേഖലകളിലെല്ലാം പടക്കനിര്‍മാണ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്.

500-ല്‍ അധികം വില്പന കേന്ദ്രങ്ങളില്‍ 117 കടകള്‍ക്കു മാത്രമാണു ലൈസന്‍സ് നല്കിയിട്ടുള്ളത്.
25-ല്‍ അധികം പടക്ക നിര്‍മാണ കേന്ദ്രങ്ങളാണു ജില്ലയിലുള്ളത്. ഇതില്‍ 13 സ്ഥാപനങ്ങള്‍ ലൈസന്‍സിനു അപേക്ഷ നല്കിയെങ്കിലും മതിയായ റിപ്പോര്‍ട്ടു ലഭിച്ച അഞ്ചുപേര്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കിയിരുന്നുള്ളൂവെന്ന് അധികൃതര്‍ പറയുന്നു. ഈ വര്‍ഷം ഫയര്‍ഫോഴ്‌സിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പലര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുമില്ല. വിഷു പ്രമാണിച്ച് ഏഴുകടകള്‍ക്കു പടക്കം വില്ക്കുന്നതിനു താല്കാലിക ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം വേണ്ടത്ര സുരക്ഷാ സംവിധാനം ഇല്ലാതെയാണു പടക്ക നിര്‍മാണ-വില്പനശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. ജനസാന്ദ്രത കുറവുള്ള മേഖലയില്‍ ഉറപ്പുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തില്‍വേണം പടക്ക നിര്‍മാണ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണു നിയമം.

ലൈസന്‍സ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കണം. പലരും തുറസായ പാടശേഖരത്തില്‍ ചെറിയ ഷെഡ് നിര്‍മിച്ച് അനുകൂല റിപ്പോര്‍ട്ടു നേടിയടുത്ത് ലൈസന്‍സ് സ്വന്തമാക്കുന്ന രീതിയാണു നടക്കുന്നതെന്നാണ് ആക്ഷേപം.

ലൈസന്‍സിന് പോലീസ്, ഫയര്‍ഫോഴ്‌സ്, തഹസീല്‍ദാര്‍, എന്‍ഫോഴ്‌സമെന്റ് തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണു ലൈസന്‍സ് അനുവദിക്കുന്നത്.

പടക്കം വില്പന: റെയ്ഡുകള്‍ തുടങ്ങി; കോട്ടയിലും വള്ളംകുളത്തും റെയ്ഡ് മൂന്നുപേര്‍ പിടിയില്‍

കോഴഞ്ചേരി: കൊല്ലം പരവൂരില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് പോലീസ് നടത്തുന്ന റെയ്ഡിനിടെ ആറന്മുള – കോട്ട ജംഗ്ഷനിലെ കടയില്‍ നിന്നും 414 കിലോഗ്രാം പടക്കങ്ങള്‍ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. മാലപ്പടക്കം, ഗുണ്ട്, ഓലപ്പടക്കം, ചൈനീസ് പടക്കം, കമ്പിത്തിരി, പൂത്തിരി തുടങ്ങിയവ ശേഖരത്തിലുണ്ടായിരുന്നു.

കോട്ട മുഹമ്മദ് മന്‍സിലില്‍ അബ്ദുള്‍കലാ (64)മിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ഉടമസ്ഥതയില്‍ കോട്ട ജംഗ്ഷനിലുള്ള കലാം സ്‌റ്റോറില്‍ നിന്നാണ് പടക്കങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. 315 കിലോഗ്രാം ചൈനീസ് പടക്കങ്ങളും 16 കിലോഗ്രാം ഓലപ്പടക്കവും കമ്പിത്തിരി, പൂത്തിരി ഉള്‍പ്പെടെ 80 കിലോഗ്രാമും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

പടക്കങ്ങള്‍ സൂക്ഷിക്കാനോ വില്‍ക്കുന്നതിനോ യാതൊരു വിധ ലൈസന്‍സുകളും ഇയാള്‍ക്കുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എറണാകുളം കേന്ദ്രമാക്കി നിര്‍മിച്ചുവന്ന സാധനങ്ങളാണ് വില്പനയ്‌ക്കെത്തിച്ചിരുന്നതെന്ന് ഉടമ പോലീസിനു മൊഴി നല്‍കി. എറണാകുളത്തെ നിര്‍മാണ കമ്പനിക്കു ലൈസന്‍സുണ്ടെന്നും ഇതിന്റെ മറവിലാണ് വില്പനയെന്നും പറയുന്നു.

അറസ്റ്റുചെയ്ത അബ്ദുള്‍കലാമിനെ ഇന്ന് പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കോഴഞ്ചേരി സിഐ പി.കെ. വിദ്യാധരന്‍, ആറന്മുള എസ്‌ഐ അശ്വത് എസ്. കാരാഴ്മയില്‍, എപിഒമാരായ സുധീഷ്, മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പോലീസിന്റെ റെയ്ഡ് തുടരുകയാണ്.

അനധികൃത പടക്കവില്പനയുമായി ബന്ധപ്പെട്ട് തിരുവല്ലയില്‍ രണ്ടുപേര്‍ പിടിയിലായി. ഇരവിപേരൂര്‍ വളളംകുളം പടിഞ്ഞാറ് മേമന വീട്ടില്‍ സജിതാ റെജി (38), വളളംകുളം മേമന പള്ളത്ത് സത്യശീലന്‍(62) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ലൈസന്‍സില്ലാതെ പടക്ക വില്പന നടത്തിയതിന്റെ പേരിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സജിതയും സത്യശീ ലനും അയല്‍വാസികളാണ്. ഓലപ്പ ടക്കം, ഗുണ്ടുകള്‍, നാല് പാക്കറ്റ് ഗന്ധകം കരിമരുന്ന്, തിരി തുടങ്ങി യവ ഇരുവരുടെയും വീടുകളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ജില്ലയുടെ പല ഭാഗങ്ങളിലും പടക്കനിര്‍മാണം നടക്കുന്നതായും അനധികൃത ശേഖരമുള്ളതുമായി പോലീസിനു വിവരം ലഭിച്ചു. വിഷു ഉള്‍പ്പെടെ പടക്കം വില്പന വ്യാപകമായിവരുന്നതിനിടെയാണ് പറവൂര്‍ ദുരന്തമുണ്ടായത്. തുടര്‍ന്ന് താത്കാലിക ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. സീസണ്‍ കാലത്ത് താത്കാലിക ലൈസന്‍സെടുത്ത് വ്യാപാരം നടക്കാറുള്ളതാണ്.

ചൈനീസ് ഉത്പന്നങ്ങളാണ് ഏറെയും വില്പനയ്‌ക്കെത്തുന്നതെങ്കിലും നാടന്‍ പടക്കങ്ങളുടെ ഉത്പാദനം പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കുവേണ്ടി മൊത്ത ഓര്‍ഡര്‍ ഏറ്റെടുത്ത് വില്പന നടത്താനാണ് ഇവ ശേഖരിച്ചുവച്ചിരിക്കുന്നത്.

ക്വാറികളിലും മറ്റുമുള്ള അനധികൃത സ്‌ഫോടവസ്തു ശേഖരങ്ങളെക്കുറിച്ചു പരാതികളുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ റെയ്ഡ് നടത്താനും അധികൃതര്‍ തയാറായിട്ടില്ല. ആള്‍ത്താമസമുള്ള സ്ഥലങ്ങളോടു ചേര്‍ന്നുള്ള ക്വാറികളിലെ അനധികൃത സ്‌ഫോടകവസ്തു ശേഖരം പ്രദേശവാസികള്‍ക്കു കനത്തഭീഷണിയാണുണ്ടാക്കുന്നത്.

Related posts