പഠനത്തോടൊപ്പം മരപ്പണിയും! കുടുംബം പുലര്‍ത്താന്‍ മരപ്പണിക്ക് പോകുന്ന നിര്‍മലിന് എംടെകിന്റെ സ്വര്‍ണ്ണത്തിളക്കം; അവതരിപ്പിച്ചത് നൂതന സാങ്കേതിക വിദ്യ

nirmalമാള: പഠനത്തോടൊപ്പം കുടുംബം പുലര്‍ത്താന്‍ മരപ്പണിക്ക് പോകുന്ന നിര്‍മലിന് എംടെക് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തിന്റെ സ്വര്‍ണ്ണത്തിളക്കം. കണ്ണൂര്‍ സര്‍വ്വകലാശാല എം.ടെക് പവര്‍ ഇലക്ട്രോണിക്സ് ആന്റ് ഡ്രൈവ്സ് പരീക്ഷയിലാണ് മാള തന്‍കുളം സ്വദേശി ചക്കമ്മാത്ത് മുകുന്ദന്റെ മകന്‍ നിര്‍മ്മല്‍ ഒന്നാം സ്ഥാനം നേടിയത്.

കണ്ണൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജില്‍ പഠിച്ച നിര്‍മ്മലിന് അബ്ദുള്‍കലാം ടെക്നോളജിക്കല്‍ സര്‍വ്വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് സ്കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ച പത്ത് പേരില്‍ ഒരാളാണ് നിര്‍മ്മല്‍. കൂടാതെ ഡല്‍ഹി ഐഐടിയില്‍ ആറ് മാസത്തെ പ്രത്യേക പരിശീലനത്തിനും യോഗ്യത നേടിയിട്ടുണ്ട്.

കുറഞ്ഞ ചെലവില്‍ ഇന്‍വെര്‍ട്ടര്‍ നിര്‍മ്മിക്കുന്ന നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചാണ് ഐഐടിയില്‍ പരിശീലനത്തിന് പോകുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ബന്ധുക്കള്‍ക്കൊപ്പം നിര്‍മ്മല്‍ കുലത്തൊഴിലായ മരപ്പണിക്ക് പോകുമായിരുന്നു. ക്ലാസില്ലാത്ത ദിവസങ്ങളില്‍ പണിക്ക് പോകുന്നതായിരുന്നു രീതി.    എംടെക്കിന് ചേര്‍ന്നപ്പോള്‍ പണിക്ക് പോകാന്‍ കഴിയുമെന്ന് സംശയമായിരുന്നു.എന്നാല്‍ ഹൃദയസംബന്ധമായ അസുഖമുള്ള അച്ഛന്‍ മുകുന്ദന് ജോലിയൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ കുടുംബം പുലര്‍ത്താന്‍ വേറെ മാര്‍ഗം ഇല്ലായിരുന്നു.

കണ്ണൂരില്‍ നിന്ന് വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാല്‍ ശനിയും ഞായറും പണിക്ക് പോകും.കൂടാതെ ഓരോ അവധിയും വീട്ടിലെത്തിയാല്‍ പണിക്ക് പോകുന്നതാണ് നിര്‍മ്മലിന്റെ ശീലം. മരപ്പണി ഇല്ലെങ്കില്‍ അടുപ്പ് നിര്‍മ്മാണത്തിന് പോകും. രണ്ട് ദിവസം പണിക്ക് പോയി കിട്ടുന്ന 1500 രൂപ വീട്ടില്‍ നല്‍കിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരിലേക്ക് തിരിച്ചുപോയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പണിക്ക് പോകുന്നതും കുടുംബ പശ്ചാത്തലവും നിര്‍മ്മലിന്റെ പഠനത്തിന് തടസമായില്ലെന്നത് എംടെക് പരീക്ഷാഫലം വന്നപ്പോള്‍ ബോധ്യമായി.

Related posts