ന്യൂഡല്‍ഹി: വാര്‍ണര്‍ ഷോയില്‍ ഗുജറാത്ത് ലയണ്‍സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍ കടന്നു. ഗുജറാത്ത് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം വാര്‍ണറുടെ (93) ഒറ്റയാള്‍ പോരാട്ടത്തില്‍ ഹൈദരാബാദ് നാലു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
ഗുജറാത്തിന്റെ സിംഹങ്ങളോട് വാര്‍ണര്‍ ഒറ്റയ്ക്കു പൊരുതിയാണ് വിജയം അടിച്ചെടുത്തത്. ഓപ്പണറായി ക്രീസിലെത്തിയ വാര്‍ണര്‍ വിജയ റണ്‍സ് എടുക്കുംവരെ അചഞ്ചലനായിനിന്നു. 58 പന്തില്‍ 11 ഫോറും മൂന്നു സിക്‌സും അടക്കമാണ് സെഞ്ചുറിയുടെ തുമ്പത്തുവരെ വാര്‍ണറെത്തിയത്. അനായാസമെന്നു തോന്നിയ വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഹൈദരാബാദിന്റെ വിക്കറ്റുകള്‍ മുറയ്ക്കുവീണപ്പോള്‍ സിംഹങ്ങള്‍ കലാശക്കളിക്കു ടിക്കറ്റെടുക്കുമെന്നു തോന്നിപ്പിച്ചു. ശിഖര്‍ ധവാനും (0) യുവരാജും (8) അടക്കം മുന്‍നിര പാടെ പരാജയപ്പെട്ടപ്പോള്‍ ഒരറ്റത്തുപിടിച്ചുനിന്ന വാര്‍ണര്‍ സിംഹങ്ങളില്‍നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു. ആറാമനായെത്തി പുറത്താകാതെനിന്ന ബിപുല്‍ ശര്‍മ (27) മാത്രമാണ് വാര്‍ണര്‍ക്കു മികച്ച പിന്തുണ നല്‍കിയത്.
നേരത്തെ ആരോണ്‍ ഫിഞ്ചിന്റെ (50) അര്‍ധ സെഞ്ചുറി മികവിലാണ് ഗുജറാത്ത് പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്. മക്കല്ലവും (32) ദിനേഷ് കാര്‍ത്തിക്കും (26) ഗുജറാത്തിനായി മികച്ചുബാറ്റ് ചെയ്തു. ഫൈനലില്‍ ഹൈദരാബാദ് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സിനെ നേരിടും.