മുക്കം: വ്യാപകമായി ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മലയോരമേഖലയില്‍ പനി ക്ലിനിക്കെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കഴിഞ്ഞ തവണ റിപ്പോര്‍ട്ട് ചെയ്തതിന്റെ എത്രയോ ഇരട്ടി പേര്‍ക്കാണ് ഇത്തവണ ഡെങ്കിപ്പനി പിടിപെട്ടത്. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകള്‍ക്ക് പുറമെ മുക്കം നഗരസഭയിലും തിരുവമ്പാടി പഞ്ചായത്തിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ആറു പേര് മരണത്തിന് കീഴടങ്ങിയ മുക്കം നഗരസഭയില്‍ നിരവധി പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കോടഞ്ചേരി, മുക്കം, ചെറുവാടി എന്നിവിടങ്ങളില്‍ സിഎച്ച്സിയും മറ്റു പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് മലയോര മേഖലയിലുള്ളത്. പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യവും ആവശ്യത്തിന് ഡോക്ടറോ ജീവനക്കാരോ ഇല്ലാത്ത പ്രശ്നം നിലവിലുണ്ട്. എന്നാല്‍ പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞതവണ ജില്ലയില്‍ ഏറ്റവുമധികം പേര്‍ക്ക് പകര്‍ച്ചപ്പനി പിടിപെട്ട മുക്കത്ത് നഗരസഭയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുറപോലെ നടക്കുന്നുണ്ടങ്കിലും ആരോഗ്യ വകുപ്പ് ഇനിയും വേണ്ടത്ര ഗൗരവം കൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഹെല്‍ത്ത് ഇന്സ്പെക്ടര്മാരുടെയെല്ലാം ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്. മുക്കം മാര്‍ക്കറ്റിലടക്കം ഇറച്ചിക്കടകളിലെ മാലിന്യം പകല്‍ സമയത്താണ് കൊണ്ടുപോകുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ഇനിയും അര്‍ഹിക്കുന്ന ഗൗരവം കൊടുത്തിട്ടില്ല.