പയ്യന്നൂരില്‍ നീരീക്ഷണ കാമറകളുണ്ട്; പക്ഷേ പ്രവര്‍ത്തിക്കില്ല

KNR-CAMERAപയ്യന്നൂര്‍: മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പു പയ്യന്നൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ ഇപ്പോഴും എല്ലായിടത്തും കണ്ണുതുറന്നു നില്പുണ്ട്. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ക്കോ നിയമലംഘകര്‍ക്കോ ഈ കാമറ കണ്ണൂകളെ ഭയക്കേണ്ടതില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി കാമറകളെല്ലാം പ്രവര്‍ത്തനരഹിതമാണ്. നിരീക്ഷണ കാമറകളെ ബന്ധിപ്പിച്ചു പോലീസ് സ്‌റ്റേഷനില്‍ സ്ഥാപിച്ച കണ്‍ട്രോള്‍ റൂമും അടച്ചുപൂട്ടി. 2013 സപ്റ്റംബര്‍ 14 ന് സി.കൃഷ്ണന്‍ എംഎല്‍എ, ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍. നായര്‍ എന്നിവര്‍ ചേര്‍ന്നാണു നീരീക്ഷണ കാമറകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാപാരികളില്‍ നിന്ന് സമാഹരിച്ച അഞ്ചു ലക്ഷത്തോളം രൂപ ചെലവാക്കിയാണു നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെ ചലനങ്ങളും ഒപ്പിയെടുക്കാന്‍ 20 ഓളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. പയ്യന്നൂരിലെ മുന്‍ സിഐ സി.എ.അബ്ദുള്‍ റഹീം മുന്‍കൈയെടുത്താണു വ്യാപാരികളുടെ സഹകരണത്തോടെ നിരീക്ഷണ കാമറ സംവിധാനം ഒരുക്കിയത്.

കാമറകള്‍ കണ്ണുതുറന്നതോടെ സാമൂഹ്യവിരുദ്ധരും നിയമംതെറ്റിച്ചു വാഹനമോടിക്കുന്നവരും ഇതിനെ ഭയക്കാന്‍ തുടങ്ങി. ഇതോടെ നഗരത്തില്‍ അക്രമസംഭവങ്ങളും മോഷണങ്ങളും കുറഞ്ഞു. നിരവധി കേസുകള്‍ക്കു തുമ്പുണ്ടാക്കുന്നതിനും കാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പോലീസിനു സഹായകമായി. ട്രാഫിക്-മോട്ടോര്‍ വാഹന നിയമലംഘകരും കാമറക്കണ്ണുകളില്‍ കുടുങ്ങി. എന്നാല്‍ കാമറകള്‍ കണ്ണൂചിമ്മിയതോടെ നഗരത്തില്‍ വീണ്ടും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും നിയമലംഘനവും പതിവായിരിക്കുകയാണ്.

അറ്റകുറ്റപ്പണികള്‍ വന്നതോടെയാണു കാമറകള്‍ ഒരോന്നായി കണ്ണടയ്ക്കാന്‍ തുടങ്ങിയത്. കാമറ സ്ഥാപിച്ച കമ്പനിക്കു കുടിശിക കൊടുത്തു തീര്‍ക്കാന്‍ ബാക്കിയുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് അവര്‍ തിരിഞ്ഞുനോക്കിയില്ല. ഇതിനിടെ കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടറും പണിമുടക്കി. ഇതോടെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നിരീക്ഷണ കാമറ സംവിധാനം പൂര്‍ണമായും നിലച്ചു. സിഐ അബ്ദുള്‍ റഹീം പയ്യന്നൂരില്‍ നിന്നും സ്ഥലം മാറിപോയതോെടയാണു നിരീക്ഷണ കാമറ സംവിധാനം അവഗണിക്കപ്പെട്ടതെന്നു ചേംബര്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. നിരീക്ഷണ കാമറകളുടെ ദുരവസ്ഥ ഉന്നതഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ആഭ്യന്തരവകുപ്പിനു ഫണ്ടില്ലെന്നായിരുന്നു മറുപടി.

Related posts