പയ്യന്നൂര്‍: കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിടപറഞ്ഞു സജീവമായി കൊണ്ടിരുന്ന പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കു വീണ്ടും ശനിദശ. എല്ലാ ആധുനിക സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടര്‍മാരില്ലാത്തതാണ് ആശുപത്രിയുടെ ദുരവസ്ഥയ്ക്കു കാരണം. ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പ്രവേശന കവാടത്തിലെ ബോര്‍ഡില്‍ 15 ഡോക്ടര്‍മാരുടെ പേരുവിവരങ്ങളുണ്ടെങ്കിലും ആശുപത്രിയില്‍ ഡ്യൂട്ടിക്കുള്ളത് ഒമ്പതു ഡോക്ടര്‍മാര്‍ മാത്രമാണ്. നിരവധി രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിച്ചിരുന്ന എല്ലുരോഗ വിദഗ്ധന്‍ ഉപരിപഠനത്തിനു പോയതോടെ ഓര്‍ത്തോ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചു.
ഗൈനോക്കോളജി വിഭാഗത്തില്‍ അവശേഷിച്ചിരുന്ന രണ്ടു ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളത്. കണ്ണുരോഗ വിദഗ്ധന്‍ അവധിയിലായതോടെ ഈ വിഭാഗത്തിലും ആളില്ലാതായി. ഡോക്ടര്‍മാരില്ലാത്ത അവസ്ഥ വന്നതോടെ രോഗികളും ആശുപത്രിയെ കൈയൊഴിയാന്‍ തുടങ്ങി. വിവിധ വാര്‍ഡുകളിലായി 150 ഓളം കിടക്കകളുള്ള താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ 15 ഓളം കിടക്കകളില്‍ മാത്രമാണു രോഗികളുള്ളത്. സാധാരണക്കാരുടെ ഈ ആശ്രയകേന്ദ്രത്തിന്റെ ദുരവസ്ഥ കണ്ടിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ കാണിക്കുന്ന നിസംഗത സ്വകാര്യമേഖലയെ പരിപോഷിപ്പിക്കാനാണെന്ന ആക്ഷേപം ജനങ്ങള്‍ക്കിടയില്‍ ഉയരുന്നുണ്ട്.