പരവൂര്‍: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്ന സിസി ടിവിയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീണ്ടടുത്തു.കൊല്ലം സൈബര്‍സെല്ലിലെ സാങ്കേതിക വിദഗ്ധരെത്തിയാണ് ദൃശ്യങ്ങള്‍ കോപ്പി ചെയ്‌തെടുത്തത്. ഓഫീസിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍നിന്ന് ദൃശ്യങ്ങള്‍ അന്വേഷണ സംഘം അവര്‍ കൊണ്ടുവന്ന രണ്ട് ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തുകയായിരുന്നു.
അതിനുശേഷം ഇതിന്റെ ഒറിജനലുകള്‍ സീല്‍ ചെയ്ത് മാറ്റി. ഇവ പിന്നീട് പരവൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ക്രൈംബ്രാഞ്ചിന്റെ താത്ക്കാലിക ക്യാമ്പ് ഓഫീസിലെത്തിച്ചു.ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരായിരിക്കും പരിശോധിക്കുകയെന്ന് അറിയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ അന്വേഷണ സംഘം വിസമ്മതിച്ചു.അതേസമയം ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിന്റെ ഭാഗമായി ചില സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അവരുടെ കമ്പ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്കുകള്‍ പിടിച്ചെടുത്തു.
മീനഭരണി ഉത്സവവുമായി ക്ഷേത്രകമ്മിറ്റി പ്രസിദ്ധീകരിച്ച നോട്ടുബുക്ക് മാതൃകയിലുള്ള നോട്ടീസ് ഡിസൈന്‍ ചെയ്ത സ്ഥാപനം, അച്ചടിച്ച പ്രസ്, ഫ്‌ളക്‌സ് പ്രിന്റിംഗിന് കരാറെടുത്ത സ്ഥാപനം, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിര്‍മിച്ച ചാത്തന്നൂരിലെ സ്ഥാപനം എന്നിവിടങ്ങളിലെ ഹാര്‍ഡ് ഡിസ്കുകളാണ് അന്വേഷണ സംഘം വിശദ പരിശോധനകള്‍ നടത്തുന്നതിനായി കൊണ്ടുപോയത്.