കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടപകടം സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും. എഡിജിപി അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കേന്ദ്രത്തില്‍ നിന്നുള്ള സ്‌ഫോടക വസ്തു വിദഗ്ധരും ഇന്ന് കൊല്ലത്തെത്തും.
ചാത്തന്നൂര്‍ എസിപിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാകും ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുക. സംസ്ഥാനത്തെ പടക്കക്കച്ചവട കേന്ദ്രങ്ങളിലും വെടിക്കെട്ട് സ്ഥലങ്ങളിലും സംഘം പരിശോധന നടത്തും. എക്‌സ്‌പ്ലോസീവ് ആക്ട്, നരഹത്യ എന്നിവ പ്രകാരമാണു പോലീസ് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ നരഹത്യക്കും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും 15 ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേയും രണ്ട് വെടിക്കെട്ട് കരാറുകാര്‍ക്കെതിരേയും പരവൂര്‍ പോലീസ് കേസെടുത്തിരുന്നു.
ഞായറാഴ്ച കൊല്ലത്ത് ചേര്‍ന്നഅടിയന്തര മന്ത്രിസഭാ യോഗത്തിലാണു ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച് അന്വേഷണവും നടത്താന്‍ തീരുമാനിച്ചത്. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് എന്‍. കൃഷ്ണന്‍ നായരാണു ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.