പരിയാരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. പുതിയ ചെയര്‍മാനായി നിലവിലുള്ള വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനെ തെരഞ്ഞെടുത്തു. ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും മറ്റുചില ഉത്തരവാദിത്വങ്ങളും കാരണമാണ് രാജിവയ്ക്കുന്നതെന്ന് എം.വി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന ഭരണസമിതി രാജിക്കത്ത് അംഗീകരിക്കുകയും ശേഖരന്‍ മിനിയോടനെ ചെയര്‍മാനും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി.പുരുഷോത്തമനെ വൈസ് ചെയര്‍മാനുമായി തീരുമാനിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. രണ്ടു തവണകളിലായി അഞ്ചു വര്‍ഷവും പത്തു മാസവുമാണ് ജയരാജന്‍ ചെയര്‍മാന്‍സ്ഥാനം വഹിച്ചത്. 2011 ജനുവരി രണ്ടിനാണ് ആദ്യം ചെയര്‍മാനായത്. 2015 ഡിസംബറില്‍ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.റിട്ട.ഐജിയാണ് 72 കാരനായ ശേഖരന്‍ മിനിയോടന്‍.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 2003 ലാണ് ഐജിയായി വിരമിച്ചത്. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ അംഗമായും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണ്. ഇപ്പോള്‍ പള്ളിക്കുന്നിലാണ് താമസം. കെ.പി.ജയബാലന്‍, സി.വി.ഗൗരിനമ്പ്യാര്‍, വി.വി.രമേശന്‍, ഡോ.കെ.പ്രഭാകരന്‍, എം.വി.സരള, കെ.ദാമോദരന്‍, സി.കെ.നാരായണന്‍, കെ.ഉഷ, മെഡിക്കല്‍ കോളജ് എംഡി കെ.രവി എന്നിവരാണ് മറ്റ്് ഭരണസമിതിയംഗങ്ങള്‍.