തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍, പരിസ്ഥിതിയെച്ചൊല്ലി ഭരണപക്ഷത്ത് വാക്‌പോര്. മുഖ്യമന്ത്രി പിണറായി വിജയനും മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലാണു പ്രധാനമായും വാക്‌യുദ്ധം. ഫേസ്ബുക്കിലൂടെയാണ് ഇരുവരും നിലപാടുകള്‍ വ്യക്തമാക്കിയത്. പരിസ്ഥിതി ദിനത്തിനു തലേന്നു കാനം ഫേസ്ബുക്കില്‍ കുറിച്ച, പരിസ്ഥിതി മറന്നുള്ള വികസനം ആപത്താണെന്നു വ്യക്തമാക്കുന്ന പരോക്ഷ വിമര്‍ശനത്തിനു പരിസ്ഥിതി ദിനത്തില്‍ത്തന്നെ പിണറായി മറുപടി നല്‍കി.
വികസനം സാമൂഹ്യനീതിക്കു നിരക്കുന്നതും നിലനിര്‍ത്താനാവുന്നതും ആയിരിക്കണമെന്നും മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന വികസനത്തിനു മാത്രമേ സുസ്ഥിരതയെ സംഭാവന ചെയ്യാനാവുകയുള്ളൂ എന്നുമായിരുന്നു കാനം രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എല്ലാത്തിനും ലാഭം മാത്രം ദര്‍ശിക്കുന്ന മുതലാളിത്ത വികസന രീതികളാണു പ്രകൃതിയെ തകര്‍ത്തെറിഞ്ഞത് എന്നതു തിരിച്ചറിയുന്നിടത്താണ് ഇടതുപക്ഷ രാഷ്ട്രീയം അര്‍ഥപൂര്‍ണമാകുന്നതെന്നും കാനം കുറിച്ചു.
സിപിഐ നേതാവും മുന്‍ വനംമന്ത്രിയുമായ ബിനോയ് വിശ്വവും കാനത്തിന്റെ നിലപാടിനു പിന്തുണയുമായെത്തി. മാര്‍ക്‌സിസ്റ്റ് പക്ഷത്തു നില്‍ക്കുന്ന ആര്‍ക്കും വലതുപക്ഷ വികസന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.