കണമല: മഹാരാഷ്ട്രയില്‍ നിന്ന് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ച് ശബരിമലയിലെത്തിയ നാലംഗ കുടുംബം തിരികെ മടങ്ങിക്കൊണ്ടി രിക്കുന്നത് റിക്ഷയിലെ യാത്രക്കൊപ്പം റോഡിലൂടെ ശയനപ്രദക്ഷിണമായി. മഹാരാഷ്ട്ര അമരാവതി ജില്ലയിലെ ശില്പി രവിദാസ് (40), മക്കളായ ജയ് (11), ദുര്‍ഗേഷ് (എട്ട്), മാളികപ്പുറം വൈഷ്ണവി (ഏഴ്) എന്നിവരാണ് 2000-ല്‍പ്പരം കിലോമീറ്ററുകള്‍ താണ്ടി യാത്ര പരിസ്ഥിതി സൗഹൃദമാക്കി സൈക്കള് റിക്ഷയിലെത്തിയത്.
ജനുവരി 20ന് ആരംഭിച്ച യാത്ര വിവിധ ക്ഷേത്രങ്ങള്‍ ചുറ്റി കഴിഞ്ഞ ദിവസമാണ് പമ്പയിലെത്തിയത്. എന്നാല്‍ ശബരിമലനട അടഞ്ഞതിനാല്‍ ദര്‍ശനം നടന്നില്ല. 12നാണ് ഇനി നട തുറക്കുക. ഇതറിഞ്ഞ രവിദാസ് തിരികെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ദര്‍ശനം സാധ്യമാകാത്തതിന്റെ പ്രായശ്ചിത്തമായും, ലോകശാന്തിക്കും വേണ്ടിയാണ് മടക്കയാത്രയില്‍ ശയനപ്രദക്ഷിണം നടത്തുന്നതെന്ന് രവിദാസ് പറഞ്ഞു. കയറ്റമാകുമ്പോള്‍ ശയനമുരുളുന്നത് നിര്‍ത്തി രവിദാസ് റിക്ഷ തള്ളും. മക്കള്‍ സഹായിക്കും. ഇളയമകളെ റിക്ഷയില്‍ ഇരുത്തും. ഇന്നലെ കണമലയില്‍ എത്തിയ ഇവര്‍ക്ക് നാട്ടുകാര്‍ ഭക്ഷണം നല്കി. കണമല കയറ്റം കയറാന്‍ റിക്ഷ തള്ളി നാട്ടുകാര്‍ സഹായിച്ചു.
മറ്റ് വാഹനങ്ങള്‍ ഒഴിവാക്കി പരിസ്ഥിതിക്കിണങ്ങിയ സൈക്കിള്‍ റിക്ഷ തെരഞ്ഞെടുത്ത് രവിദാസ് നടത്തുന്ന യാത്രയെപ്പറ്റി വിവരിച്ച് അമരാവതി ജില്ലാ കളക്ടര്‍ കത്ത് നല്‍കിയത് ഒപ്പമുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഭാര്യ മരിച്ച രവിദാസ് ശബരിമല യാത്രക്കായി മക്കളുടെ സ്കൂള്‍ അവധിക്കാലം തെരഞ്ഞെടുക്കുകയായിരുന്നു.