പറവൂര്‍: പറവൂരിലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചരണം തുടങ്ങി. വി.ഡി.സതീശന്റെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകള്‍ ടൗണിലും പരിസരത്തും നിറഞ്ഞുതുടങ്ങി. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി ശാരദാ മോഹനുവേണ്ടി ചുമരെഴുത്തുകളും തുടങ്ങിയിട്ടുണ്ട്. വടക്കേക്കര പഞ്ചായത്തിലാണ് കൂടുതലും ചുമരെഴുത്തുകള്‍ നടത്തിയിട്ടുള്ളത്.
യുഡിഎഫ് പ്രവര്‍ത്തകര്‍ വിവിധ പഞ്ചായത്തുകളില്‍ ചുമരെഴുത്തുകള്‍ ആരംഭിച്ചിട്ടുണ്ട്. വലിയ ബാനറുകളും ഫഌക്‌സ് ബോര്‍ഡുകളും പ്രധാന കവലകളില്‍ സ്ഥാപിച്ചു തുടങ്ങി. വഴിക്കുളങ്ങരയില്‍ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഡബിള്‍ ഡെമ്മി സൈസിലുള്ള പോസ്റ്ററുകളാണ് ഇപ്പോള്‍ പതിക്കുന്നത്. വോട്ട് അഭ്യര്‍ഥനയ്‌ക്കൊപ്പം മറ്റ് വിശേഷണങ്ങളും ചുമരെഴുത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി സതീശന്‍ അനുഗ്രഹം തേടി.
ശാരദ മോഹന്‍ ഇന്നലെ ടൗണില്‍ പ്രചാരണം തുടങ്ങി. ജനങ്ങള്‍ക്ക് ആവശ്യമായ വികസനം നടപ്പിലാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗവ. കോളജ് ഇല്ലാത്ത പരവൂരില്‍ കോളജ് സ്ഥാപിക്കുകയാണ് പ്രധാന നടപടി. സമീപ മണ്ഡലങ്ങളിലുണ്ടായിട്ടുള്ള വികസനം പറവൂരില്‍ വന്നിട്ടില്ല. വാഗ്ദാനങ്ങള്‍ പലതും നല്‍കിയതല്ലാതെ വികസനം വേണ്ടവിധം ഉണ്ടായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. പറവൂരില്‍ വേണ്ടത്ര വികസനം വന്നില്ലെന്നാണ് ശാരദയുടെ ആരോപണം.
എന്‍എച്ച് 17-ലെ വരാപ്പുഴ – മൂത്തകുന്നം റോഡുകളും കവലകളും വികസിപ്പിക്കാത്തത് വലിയ ഗതാഗത പ്രശ്‌നമുണ്ടാക്കുന്നു. കെഎസ്ആര്‍ടിസി ബസുകളുടെ കുറവ് യാത്രക്കാരെ വലയ്ക്കുന്നു. മാലിന്യ സംസ്കരണത്തിലും വേണ്ടത്ര നടപടികളുണ്ടായിട്ടില്ലെന്ന് ശാരദ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു, ദേശീയ കൗണ്‍സിലംഗം കമലാ സദാനന്ദന്‍, ജില്ലാ അസി.സെക്രട്ടറി കെ.എം.ദിനകരന്‍, മണ്ഡലം സെക്രട്ടറി കെ.ബി.അറുമുഖന്‍, പി.എ.സന്തോഷ്, സിപിഎം നേതാക്കളായ ടി.ജി.അശോകന്‍, ടി.ആര്‍.ബോസ്, അഡ്വ.എന്‍.എ.അലി, രമാ ശിവശങ്കരന്‍ തുടങ്ങിയവരും പങ്കെടുത്തു.