പല മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്കു ഗണ്യമായ വോട്ടുവര്‍ധന

EKM-BJPകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ വോട്ടുനില വര്‍ധിപ്പിച്ച് എന്‍ഡിഎ മുന്നണി. ജില്ലയില്‍ മുന്നണിയെ പ്രതിനിധീകരിച്ച് ബിജെപി, ബിഡിജെഎസ്, പി.സി. തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.  2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടില്‍ നിന്നു ഗണ്യമായ വര്‍ധന പല മണ്ഡലങ്ങളിലും നേടാന്‍ എന്‍ഡിഎയ്ക്കു സാധിച്ചിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടുവര്‍ധന നേടാന്‍ സാധിച്ചത് തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി തുറവൂര്‍ വിശ്വംഭരനാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 16,674 വോട്ടില്‍ നിന്ന് 13,169 വോട്ട് കൂടുതല്‍ നേടി 29,843 വോട്ടു നേടാന്‍ തൃപ്പൂണിത്തുറയില്‍ അദ്ദേഹത്തിനു സാധിച്ചു.  പെരുമ്പാവൂരില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 12,985 വോട്ട് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19,371 വോട്ടാക്കി ഉയര്‍ത്താന്‍ ബിജെപി സ്ഥാനാര്‍ഥിയായ ഇ.എസ്. ബിജുവിനു സാധിച്ചു. ആലുവ മണ്ഡലത്തില്‍ 2011ലെ ബിജെപിയുടെ വോട്ട് 8,264 ആയിരുന്നു. അത് ഇക്കുറി 19,349 ആയി ഉയര്‍ന്നിട്ടുണ്ട്. 11,085 വോട്ടിന്റെ വര്‍ധനയാണ് മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്.

തൃക്കാക്കരയില്‍ വൈകിവന്ന സ്ഥാനാര്‍ഥിത്വമാണെങ്കിലും വോട്ടു വര്‍ധിപ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി എസ്. സജിക്ക് സാധിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15,099 ആയിരുന്ന ബിജെപിയുടെ വോട്ട് ഇത്തവണ 21,247 ആക്കി വര്‍ധിപ്പിക്കാന്‍ എസ്. സജിക്ക് സാധിച്ചു. കൊച്ചിയില്‍ പ്രവീണ്‍ ദാമോദരപ്രഭുവും ബിജെപി വോട്ടുകളില്‍ ചെറിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ എറണാകുളത്തും മൂവാറ്റുപുഴയിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം നിലനിര്‍ത്താന്‍ ബിജെപിക്കായില്ല. എറണാകുളത്ത് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസും മൂവാറ്റുപുഴയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് പി.ജെ. തോമസും മത്സരിച്ചിട്ടും കാര്യമായ ചലനങ്ങളുണ്ടായില്ല.

കോതമംഗലത്ത് എന്‍ഡിഎ സ്വതന്ത്രന്‍ പി.സി. സിറിയക്ക് മണ്ഡലത്തില്‍ 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 5,580 വോട്ടുകള്‍ അധികമായി നേടി. അങ്കമാലിയില്‍ എന്‍ഡിഎയ്ക്കായി മത്സരിച്ച കേരള കോണ്‍ഗ്രസ് (പി.സി. തോമസ്) സ്ഥാനാര്‍ഥി പി.ജെ. ബാബുവും മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ കാര്യമായി വോട്ടിംഗ് നിലയില്‍ മുന്നോട്ടുപോയില്ല.  എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച അഞ്ചു മണ്ഡലങ്ങളില്‍ നാലിലും മുന്നണിയുടെ വോട്ടില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പിറവം മണ്ഡലത്തില്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ സ്വാധീനം എന്‍ഡിഎ മുന്നണിക്ക് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബിഡിജെഎസിന്റെ വരവോടെ മികച്ച മുന്നേറ്റം പിറവത്ത് എന്‍ഡിഎ ഉണ്ടാക്കി.

ബിഡിജെഎസ് സ്ഥാനാര്‍ഥി സി.പി. സത്യന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 4,234ല്‍ നിന്നും ലോക്‌സഭയിലേക്ക് നേടിയ 4,683ല്‍ നിന്നും 17,503 വോട്ടാക്കി ഉയര്‍ത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനെക്കാള്‍ 12,820 വോട്ടിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പറവൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി ഹരിവിജയന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ 15,917 വോട്ടില്‍ നിന്ന് 12,180 വോട്ടിന്റെ വര്‍ധനയുണ്ടാക്കി 28,097 വോട്ടു നേടി. കളമശേരി മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി വി. ഗോപകുമാര്‍ കഴിഞ്ഞ ലോക്‌സഭാ തെഞ്ഞെടുപ്പിലെ ബിജെപി വോട്ടായ 8,438ല്‍ നിന്ന് 24,244ലേക്ക് വോട്ടുയര്‍ത്തി.

Related posts