പള്ളം-നിലമ്പതിപാലം റോഡില്‍ വെള്ളം കെട്ടിനിന്ന് യാത്രക്കാര്‍ക്ക് ദുരിതം

pkd-roadilvellamകൊല്ലങ്കോട്: പള്ളം-നിലമ്പതിപാലം റോഡില്‍ കുളംപോലെ വെള്ളം കെട്ടിനില്ക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. റോഡു പുനര്‍നിര്‍മാണ സമയത്തെ അശാസ്ത്രീയതയാണ് മധ്യഭാഗം കുഴിഞ്ഞ് ഇവിടെ ചെളിവെള്ളം കെട്ടിനില്ക്കുന്നതിനു കാരണമായത്. ചാറ്റല്‍മഴ പെയ്താല്‍പോലും സ്ഥലത്ത് വെള്ളക്കെട്ട് പതിവാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ മലിനജലം കാല്‍നട, ഇരുചക്ര വാഹനയാത്രക്കാരുടെ ശരീരത്തിലേക്കു തെറിച്ച് വസ്ത്രങ്ങള്‍ മലിനമാകുന്നത് പതിവുകാഴ്ചയാണ്.

ഇതിന്റെ പേരില്‍ വാഹനം ഓടിക്കുന്നവരുമായി യാത്രക്കാര്‍ വഴക്കിടാറുണ്ട്. കഴിഞ്ഞ വര്‍ഷക്കാലത്ത് ഇതേ സ്ഥലത്ത് എതിരേവന്ന ലോറിക്കു വഴി മാറികൊടുക്കുന്നതിനിടെ സൈക്കിള്‍ യാത്രക്കാരനു വെള്ളക്കെട്ടില്‍ വീണു പരിക്കേറ്റിരുന്നു. എത്രയുംവേഗം റോഡിനു മധ്യഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതു തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts