കോട്ടയം: നഗരത്തിലെ ഒമ്പതു ഹോട്ടലുകളില്‍ നിന്നു നഗരസഭാ ആരോഗ്യവിഭാഗം ഇന്നലെ രാവിലെ നനടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മഴക്കാല പൂര്‍വ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം രണ്ടു ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു.
നഗരസഭാ എ സോണില്‍ വരുന്ന റെയില്‍വേ സ്റ്റേഷന്, കളക്ടറേറ്റ്, കഞ്ഞിക്കുഴി മേഖലകളിലായി നടത്തിയ പരിശോധനയില്‍ ഒമ്പത് ഹോട്ടലുകളില്നിന്നാണു പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഇന്ദിര, ഐശ്വര്യ, ഇമ്മാനുവല്‍, ബസന്ത്, അഞ്ജലി, ഫ്രണ്ട്സ്, സംസം, രമ്യ, പ്രിയ എന്നീ ഹോട്ടലുകളില്നിന്നാണു പഴകിയ ഭക്ഷണം പിടിച്ചെടുത്തതെന്നു നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. പഴകിയ ചോറും എണ്ണയുമാണ് ഏറ്റവും കൂടുതലായി കണ്ടെടുത്തത്.
ദിവസങ്ങള്‍ പഴക്കമുള്ള ചോറ് മിക്ക ഹോട്ടലുകളിലും വെള്ളമൊഴിച്ചു വച്ച നിലയില്‍ സൂക്ഷിച്ചിരുന്നു. മിച്ചം വരുന്ന ചോറ് വലിയ പാത്രങ്ങളില്‍ വെള്ളമൊഴിച്ചു വച്ചശേഷം പിറ്റേന്ന് ഉച്ചയോടെ വീണ്ടും തിളപ്പിച്ചു നല്കുകയാണു പതിവ്. ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിക്കറി, ബീഫ് ഫ്രൈ, മീന്‍ കറി, പഴകിയ അച്ചാറ്, പൊറോട്ട എന്നിവയെല്ലാം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് അടുക്കളകളേറെയും പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.
നഗരസഭാ ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷീബ പുന്നന്റെ നിര്‍ദേശാനുസരണം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ഡി. ശോഭന, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ആര്. രാജേഷ്, എം. സനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ സോണിലെ 14 ഹോട്ടലുകളിലാണു പരിശോധന നടത്തിയത്.