പാക്കിസ്ഥാനെ തോല്‍പ്പിക്കും: പി.ആര്‍. ശ്രീജേഷ്

fb-sreejesh

ബംഗളൂരു: അതിര്‍ത്തിയില്‍ ഇന്ത്യക്കായി പോരാടുന്ന സൈനികര്‍ക്കുവേണ്ടി പാക്കിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഹോക്കി നായകന്‍ പി.ആര്‍. ശ്രീജേഷ്. അടുത്ത മാസം മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുമെന്നാണു മലയാളി താരം ഉറപ്പ് നല്‍കിയത്. പ്രേക്ഷകര്‍ക്ക് ഒരുപാട് ആവേശം പകരുന്നതാണു പാക്കിസ്ഥാനെതിരേയുള്ള ഓരോ മത്സരവും. വിജയത്തിനായി നൂറുശതമാനവും നല്‍കും. പാക്കിസ്ഥാനെതിരേ തോറ്റുകൊണ്ടു സൈനികരെ ദുഃഖിപ്പിക്കില്ല.

പ്രത്യേകിച്ച് അതിര്‍ത്തിയിലുണ്ടായ വെടിവയ്പില്‍ വീരമൃത്യുവരിച്ച സൈനികരെ. ഒക്ടോബര്‍ 20 മുതല്‍ 30 വരെയാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കുക. നിലവിലെ പാക്കിസ്ഥാന്‍ ടീമിന്റെ കളി അത്ര മികച്ചതല്ല. എന്നാല്‍ അവരുടെ മനോബലം വളരെ വലുതാണ്. ഏതു സമയത്തും ഏതു ടീമിനെയും അവര്‍ തോല്‍പ്പിക്കും. അതാണ് അവരുടെ പ്രത്യേകത. ശ്രീജേഷ് പറഞ്ഞു. റാങ്കിംഗില്‍ പാക്കിസ്ഥാനെക്കാള്‍ മുകളിലാണ് ഇന്ത്യ ഇപ്പോള്‍. മികച്ച ടീമുകളുമായി കളിച്ച പരിചയവും ഈ ടീമിനുണ്ടെന്നും നായകന്‍ പറഞ്ഞു. ഒക്ടോബര്‍ 23 ന് റൗണ്ട് റോബിന്‍ മത്സരത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യന്‍ ടീം ബംഗളൂരുവില്‍ പരിശീലനത്തിലാണ്.

Related posts