വടക്കാഞ്ചേരി: കരുമത്ര പാടശേഖരത്ത് ആരംഭിച്ച കെട്ടിടനിര്‍മാണം ബിജെപി പ്രവര്‍ത്തകരെത്തി തടഞ്ഞു. നിര്‍മാണം നടക്കുന്ന സ്ഥലത്ത് പ്രവര്‍ത്തകര്‍ കൊടികുത്തി. ഇന്നലെ രാവിലെ 11 ഓടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനമായാണ് കൃഷിയിടത്തിലെത്തി പ്രതിഷേധ കൊടി നാട്ടിയത്. തൃശൂര്‍ സ്വദേശിയുടെ ഏക്കറുകണക്കിനു വരുന്ന പാടശേഖരത്താണ് കെട്ടിം വെല്‍ഡിംഗ് ഉപയോഗിച്ച് നിര്‍മിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഓണ അവധിയെ തുടര്‍ന്ന് ഓഫീസുകള്‍ അടഞ്ഞുകിടക്കുന്ന സമയത്താണ് കെട്ടിടനിര്‍മാണം നടത്താന്‍ ഇയാള്‍ ശ്രമം നടത്തിയത്.
നിലവില്‍ പ്രദേശത്ത് പാടത്തേക്ക് ആവശ്യമായ വളങ്ങള്‍ സൂക്ഷിക്കുന്നതിനായി ഒരു ഷെഡ് ഉണ്ടായിരുന്നെങ്കിലും അത് പൊളിച്ചുനീക്കാന്‍ നാട്ടുകാരുടെ പരാതിയ തുടര്‍ന്ന് തെക്കുംകര പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. അനധികൃതമായി പാടശേഖരത്ത് നിര്‍മിക്കുന്ന കെട്ടിടനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് പഞ്ചായത്ത് അംഗം രാജീവന് തടത്തില്‍ ആവശ്യപ്പെട്ടു. പാടശേഖരത്തേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ബിജെപി പ്രവര്‍ത്തകരായ ശ്രീദാസ്, കൃഷ്ണകുമാര്‍, ശരത്ത് എന്നിവര്‍ നേതൃത്വം നല്കി.