കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കോഴിക്കോട് നേരിയ സംഘര്‍ഷം. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിലേക്ക് രാവിലെ 11.30ഓടെയാണ് മാര്‍ച്ച് എത്തിയത്. പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫീസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ലാത്തി വീശുകയായിരുന്നു. അതിനിടെ ഒരു പ്രവര്‍ത്തകന്‍ ബാരിക്കേഡിന് മുകളിലൂടെ ചാടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേല്‍ക്കുകയും ചെയ്തു.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം പ്രവര്‍ത്തകരും പോലീസും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി പ്രവര്‍ത്തകരെ ഓടിച്ചു.