പാണ്ടിക്കാട് (മലപ്പുറം): പാണ്ടിക്കാട് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. 10 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ലോറി ഡ്രൈവര്‍ കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി റഹീസ് (35), ലോറി ക്ലീനര്‍ മലപ്പുറം മേലാറ്റൂര്‍ ഉച്ചാരക്കടവ് സ്വദേശി ഇല്യാസ് (28) എന്നിവരാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന വയനാട് സ്വദേശി മനോജിനെ ഗുരുതരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാണ്ടിക്കാട് സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. പാലായില്‍ നിന്നും ബാംഗഌരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് കെഎസ്ആര്‍ടിസി ബസും തമിഴ്‌നാട്ടില്‍ നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കോഴി കയറ്റിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ ലോറി ബസിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ടു റോഡിനുസമീപമുള്ള ടെക്‌സ്റ്റൈയില്‍ കടയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ലോറിഡ്രൈവറും ക്ലീനറും പുറത്തേക്ക് തറിച്ചുവീണു തല്‍ക്ഷണം മരിച്ചു.
ബസിലുണ്ടായിരുന്ന കൈക്കുഞ്ഞ് അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെസിബി കൊണ്ടുവന്നു ഉയര്‍ത്തിയാണ് ബസും ലോറിയും അപകടം സ്ഥലത്തിനു നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാണ്ടിക്കാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.