കണ്ണൂര്‍: ഷോപ്പിംഗ് കോംപ്ലക്‌സിലെ വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ സെക്യൂരിറ്റി ജീവനക്കാരനു മര്‍ദനമേറ്റ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍വിട്ടു. സിറ്റിസെന്ററിലെ സെക്യൂരിറ്റിയായ തളിപ്പറമ്പ് കനൂര്‍ സ്വദേശി മധുവിനെ മര്‍ദിച്ച സംഭവത്തില്‍ താഴെചൊവ്വ ആതിര നിവാസില്‍ കൗശിക് കിഷോറി (22) നെയാണ് അറസ്റ്റ് ചെയ്തത്. ഷോപ്പിംഗ് കോപ്ലക്‌സില്‍ കാര്‍ നിര്‍ത്തിയ ഇദ്ദേഹത്തോടു പാര്‍ക്കിംഗ് ഫീസ് ആവശ്യപ്പെട്ടപ്പോള്‍ കാറിന്റെ താക്കോല്‍ ഉപയോഗിച്ചു തലയ്ക്കു കുത്തി പരിക്കേല്പിച്ചതായാണു പരാതി.
മര്‍ദനത്തില്‍ പരിക്കേറ്റ മധു കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തുണ്ടായിരുന്നവരാണു മര്‍ദനത്തില്‍ നിന്നും മധുവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഷോപ്പിംഗ് കോപ്ലക്‌സിലെത്തുന്ന വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു മര്‍ദനത്തില്‍ കലാശിച്ചത്.