പാലായില്‍ ടൂറിസ്റ്റ്ബസ് വീട്ടിലേക്ക് ഇടിച്ചുകയറി ഗൃഹനാഥനു പരുക്ക്

ktm-accidentപാലാ: കൊങ്ങാണ്ടൂര്‍-കല്ലിട്ടുനട റോഡില്‍ ടൂറിസ്റ്റ് ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലര്‍ച്ചെ 4.45-നായിരുന്നു അപകടം . സ്വകാര്യ ടൂറിസ്റ്റ് ബസ് ടോറസ് ലോറി വന്നതിനെ തുടര്‍ന്ന് വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പോളയ്ക്കല്‍ ജോസഫിന്റെ വീട് ഭാഗീകമായി തകര്‍ന്നു. ഭിത്തികള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. വീട്ടുസാധനങ്ങള്‍ ശരീരത്തില്‍ പതിച്ചതിനെ തുടര്‍ന്ന് ജോസഫ്(88) നു സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ മകന്റെ പുതിയ ഓട്ടോയും ബസിടിച്ചുതകര്‍ത്തു.  അപകടം നടക്കുമ്പോള്‍ ഉറക്കത്തിലായിരുന്ന കുടുംബാംഗങ്ങള്‍ ഇടിയുടെ ശബ്ദം കേട്ടാണ് എഴുന്നേല്‍ക്കുന്നത്. ജോസഫ്, മകന്‍ ജോമോന്‍, മകന്റെ ഭാര്യ, മൂന്ന് പേരക്കുട്ടികള്‍ എന്നിവരടക്കം ആറുപേരാണ് അപകട സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ടോറസ് വരുന്നത് കണ്ട് വെട്ടിച്ചു മാറ്റിയതാണ ് അപകടത്തിന്റെ കാരണമെന്ന വാദത്തോട് ജോസഫിന്റെ മകന്‍  ജോമോന്‍ യോജിക്കുന്നില്ല. ഏതു സമയത്തും ഇരുവശത്തേക്കും ടോറസുകളും വലിയ ബസുകളും സഞ്ചരിക്കാറുള്ള റോഡില്‍  ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയില്ലെന്നും ബസിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നും  ഇദ്ദേഹം പറയുന്നു.

Related posts