പിഎസ്‌സി പരീക്ഷയുടെ പ്രായപരിധി ഉയര്‍ത്തണം

kkd-pscകൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതോടെ പുതുതായി സര്‍വീസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത് പരിഗണിച്ച് പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള പ്രായപരിധിയിലും ആനുപാതിക വര്‍ധനവ് വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.പി.ദിപുലാല്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി കുരുവിള ജോസഫ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ജനറല്‍ വിഭാഗത്തിന് 36 വയസും സംവരണ വിഭാഗങ്ങള്‍ക്ക് 39 വയസുമാണ് നിലവില്‍ അപേക്ഷിക്കാനുള്ള പ്രായം. ഇതു മാറ്റി പൊതുവിഭാഗത്തിന് 41 വയസുവരെയും സംവരണ വിഭാഗക്കാര്‍ക്ക് 44 വരെയും അപേക്ഷിക്കുവാനുള്ള പ്രായപരിധി നിശ്ചയിക്കണം.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച സാഹചര്യത്തില്‍ അനുകൂലമായ നിലപാട് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികളുമായി ചേര്‍ന്ന് മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയര്‍മാനും നിവേദനം നല്കാന്‍ തീരുമാനിച്ചു.എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ പുതിയ വിജ്ഞാപനം നടക്കാനിരിക്കെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ നിന്നും 1500 പേര്‍ക്കുപോലും നിയമനം നല്കാന്‍ പിഎസ്‌സിക്ക് കഴിഞ്ഞിട്ടില്ല. പരീക്ഷ മുറപോലെ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര നിയമനം നടത്തുന്നതില്‍ പിഎസ്‌സി ക്ക് കടുത്ത ജാഗ്രത കുറവാണ് കാണുന്നത്.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, എസ്‌ഐ തുടങ്ങിയവയില്‍ 90 ല്‍ താഴെ നിയമനങ്ങള്‍ മാത്രമേ നടത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ പിഎസ്‌സി പരീക്ഷകള്‍കൊണ്ട് നേട്ടം കൊയ്യുന്നത് സംസ്ഥാനത്ത് കോച്ചിംഗ് സെന്ററുകള്‍ മാത്രമാണ്. ഒഴിവുകള്‍ കണക്കാക്കുന്നതിനും പ്രത്യേക സാങ്കേതിക സംവിധാനം കൊണ്ടുവരാന്‍ ഗവണ്‍മെന്റും പിഎസ്‌സിയും തയ്യാറാകണമെന്ന് ടി.പി.ദിപുലാല്‍, കുരുവിള എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related posts