പിണറായി മന്ത്രിസഭയില്‍ മധ്യകേരളത്തിനു മന്ത്രിമാരില്ല

KTM-PINARAIഏറ്റുമാനൂര്‍: സിപിഎം മന്ത്രിമാരുടെ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ മധ്യകേരളത്തില്‍നിന്ന് മന്ത്രിമാരില്ല. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കു പുറമേ പത്തനംതിട്ടയും മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതെവന്നത് പരക്കെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ഈ നാലു ജില്ലകളില്‍നിന്ന് സിപിഎമ്മിന് ഒന്‍പത് എംഎല്‍എമാരാണുള്ളത്. കോട്ടയത്ത് ഏറ്റുമാനൂര്‍ എംഎല്‍എ അഡ്വ.കെ.സുരേഷ്കുറുപ്പ്, പത്തനംതിട്ടയില്‍ റാന്നി എംഎല്‍എ രാജു ഏബ്രഹാം, എറണാകുളത്ത് വൈപ്പിന്‍ എംഎല്‍എ എസ്.ശര്‍മ എന്നിവര്‍ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുമെന്നു കരുതിയിരുന്നു. അഞ്ചുതവണ എംഎല്‍എയായ രാജു ഏബ്രഹാമും നാലുതവണ എംപിയും രണ്ടുതവണ എംഎല്‍എയുമായ സുരേഷ്കുറുപ്പും ആറുതവണ എംഎല്‍എയായ എസ്.ശര്‍മയും മുതിര്‍ന്ന ജനപ്രതിനിധികളാണ്.

എസ്.ശര്‍മ നായനാര്‍ മന്ത്രിസഭയിലും അച്യുതാനന്ദന്‍ മന്ത്രിസഭയിലും അംഗമായിരുന്നെങ്കില്‍ രാജു ഏബ്രഹാമിനും സുരേഷ്കുറുപ്പിനും ഇതുവരെ അവസരം ലഭിച്ചിട്ടില്ല. യുഡിഎഫ് മന്ത്രിസഭയില്‍ ഈ ജില്ലകളില്‍നിന്ന് മുഖ്യമന്ത്രിയടക്കം എട്ട് മന്ത്രിമാരുണ്ടായിരുന്നിടത്താണ് പിണറായി മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതെവരുന്നത്. ഇത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ഇന്ന് സിപിഎം സംസ്ഥാന സമിതി ചേരുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയൊരു പ്രദേശത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത കുറവ് പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

Related posts