പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

pINN തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകുന്നേരം നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണു ചടങ്ങുകള്‍ നടക്കുക. വൈകുന്നേരം മൂന്നരയോടെ സത്യപ്രതിജ്ഞ ചെയ്യേണ്ടവര്‍ പ്രധാന വേദിയില്‍ എത്തിച്ചേരും. 3.50-നു ഗവര്‍ണര്‍ എത്തും. അതിനു പിന്നാലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ ചീഫ് സെക്രട്ടറി സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കും. ഗവര്‍ണര്‍ അദ്ദേഹത്തിനു സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്നു മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

30,000 പേര്‍ക്കു സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ ഒരുക്കങ്ങളാണു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, യാതൊരുവിധത്തിലുള്ള ആര്‍ഭാടങ്ങളും പാടില്ലെന്നുള്ള കര്‍ശന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്കു ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. തിരക്കുമൂലം സ്റ്റേഡിയത്തിനുള്ളിലേക്കു കടക്കാന്‍ കഴിയാത്തവര്‍ക്കു ചടങ്ങു കാണാനായി പുറത്തു നാലിടത്തു വലിയ എല്‍ഇഡി സ്ഥാപിച്ചിട്ടുണ്ട്. വിഐപികളുടെ വാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിപ്പിക്കൂ.

മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജനതാദള്‍-എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ഡേവഗൗഡ, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ദേശീയ നേതാക്കള്‍ ആരൊക്കെ എത്തുമെന്നതിനെ സംബന്ധിച്ച അറിയിപ്പൊന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കു ലഭിച്ചിട്ടില്ല. 2006-ലെ വി.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണു നടന്നത്

Related posts